ന്യൂഡൽഹി: കേരളത്തെ നടുക്കിയ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ ഉരുട്ടിക്കൊലക്കേസിൽ സിബിഐയുടെ നിർണ്ണായക നീക്കം. ഉദയകുമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി പ്രതികളായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ നഗരത്തിലെ ഒരു പാർക്കിൽ കാണപ്പെട്ട ഉദയകുമാറിനെയും സുഹൃത്ത് സന്തോഷ് കുമാറിനെയും ഫോർട്ട് സി ഐ ആയിരുന്ന ഇ കെ സാബുവിന്റെ സ്പെഷ്യൽ സ്കോഡ് അംഗങ്ങളായ കെ ജിതകുമാർ, എസ് വി ശ്രീകുമാർ എന്നിവർ കസ്റ്റഡിയിൽ എടുക്കുകയും ഫോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
2005 സെപ്റ്റംബർ 27നായിരുന്നു സംഭവം. അന്ന് രാത്രി സ്റ്റേഷനിൽ ക്രൂരമായ പീഡനത്തിന് ഉദയകുമാർ വിധേയനായി. ഉ ദയകുമാറിന്റെ കയ്യിലുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതാണെന്ന് വരുത്താനായിരുന്നു പോലീസുകാരുടെ പീഡനം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള ഉരുട്ടലിൽ രക്തധമനികൾ പൊട്ടിയാണ് ശ്രീകുമാർ കൊല്ലപ്പെടുന്നത്.
ഉദയകുമാറിന്റെ ശരീരത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതിന്റെയും ഉരുട്ടിയതിന്റെയും 22 ഗുരുതര പരിക്കുകൾ പ്രേത വിചാരണയിൽ കണ്ടെത്തിയിരുന്നു. ജിതകുമാർ, ശ്രീകുമാർ എന്നിവർക്ക് പുറമേ സോമൻ എന്ന പോലീസ് കോൺസ്റ്റബിളും കേസിൽ പ്രതിയായിരുന്നു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസിന്റെ വിചാരണ വേളയിൽ പ്രധാന സാക്ഷിയായ സന്തോഷ് കുമാർ ഉൾപ്പെടെയുള്ള മുഴുവൻ സാക്ഷികളും കൂറ് മാറിയതോടെ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് കേസന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുന്നത്.അന്വേഷണത്തിനിടെ തെളിവ് നശിപ്പിച്ചതിന് ഒരു കേസ് കൂടി സിബിഐ രജിസ്റ്റർ ചെയ്തു. അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ടി കെ ഹരിദാസ്,സി ഐ ആയിരുന്ന ഇ കെ സാബു. എസ് ഐ ആയിരുന്ന ടി അജിത് കുമാർ എന്നിവരായിരുന്നു ഈ കേസിലെ പ്രതികൾ.
സിബിഐ പ്രത്യേക കോടതിയിലെ വിചാരണയ്ക്കിടയിൽ കോടതി രണ്ട് കേസുകളും ഒരുമിച്ചാക്കി വിചാരണ തുടർന്നു. 2018 ൽ ഒന്നും രണ്ടും പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനും കോടതി വധശിക്ഷ വിധിച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിന് ഹരിദാസ്, സാബു,അജിത് കുമാർ എന്നിവർക്ക് മൂന്നുവർഷം തടവും പിഴ ശിക്ഷയും വിധിച്ചു. കേസിന്റെ വിചാരണയ്ക്കിടെ മൂന്നാംപ്രതി സോമൻ ആത്മഹത്യ ചെയ്തു.അതുകൊണ്ട് സോമനെ ഒഴിവാക്കിയാ യിരുന്നു ബാക്കി വിചാരണ നടപടികൾ.
ശിക്ഷിക്കപ്പെട്ട ശ്രീകുമാർ ജയിൽവാസത്തിനിടെ 2020 ൽ ക്യാൻസർ ബാധിതനായി മരണമടഞ്ഞു. വെള്ളം പോലും ഇറക്കാൻ കഴിയാതെ അതീവ ഗുരുതരാവസ്ഥയിൽ ആയ ശ്രീകുമാറിന് രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. പരോളിൽ കഴിയവെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
ഈ കേസിൽ പ്രതികൾ നൽകിയ അപ്പീലിലാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായത്. തുടർന്ന് ജയിലിലായിരുന്ന ജിതകുമാർ പുറത്തിറങ്ങി. ഹരിദാസ്, സാബു,അജിത് കുമാർ എന്നിവർ നേരത്തെതന്നെ ജാമ്യത്തിലായിരുന്നു. തികച്ചും സാങ്കേതിക കാരണങ്ങൾ കണക്കിലെടുത്തായിരുന്നു ഹൈക്കോടതിയുടെ വിധി. സിബിഐ അന്വേഷിക്കുന്ന ഒട്ടേറെ കേസുകൾക്ക് ഈ വിധി എതിരാകും എന്നതിനാൽ അപ്പീൽ അനിവാര്യമായിരുന്നു.
തെളിവ് നശിപ്പിക്കലിന് ശിക്ഷിക്കപ്പെട്ട ഹരിദാസും സാബുവും എസ് പി മാരായി സർവീസിൽ നിന്നും വിരമിച്ച ശേഷമാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഇരുവർക്കും കിട്ടാമായിരുന്ന ഐപിഎസ് നഷ്ടപ്പെട്ടു. അജിത് കുമാർ ഡിവൈ എസ് പി തസ്തികയിൽ സർവീസിലുണ്ടായിരിക്കെയാ യിരുന്നു ശിക്ഷ. അതോടെ സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ടു. വിരമിക്കുന്നതിന് ഒരു മാസം മുൻപ് ഹൈക്കോടതിയുടെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നെങ്കിലും സർവീസിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“ഭോജ്പുരിക്കും ബിഹാറിക്കും സംഭവിച്ചത് തമിഴിന് സംഭവിക്കണോ? കേന്ദ്ര സർക്കാരിന്റെ ഹിന്ദി നയത്തിനെതിരെ ആഞ്ഞടിച്ചു ഉദയനിധി സ്റ്റാലിൻ ; ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപിക്കാനുള്ള തന്ത്രം





