കൊച്ചി: ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ‘വാഴ 2’ സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ചിത്രത്തിൽ ആയുർവേദ മരുന്നുകളെയും ചികിത്സയെയും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വിവാദമായ രംഗങ്ങൾ സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
സിനിമയിലെ ഒരു പ്രധാന കഥാപാത്രം സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്നതും തുടർന്ന് അസുഖബാധിതനാകുന്നതുമായ രംഗമാണ് വിവാദത്തിന് ആധാരമായത്. ആയുർവേദ മരുന്നുകൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന തെറ്റായ സന്ദേശം ഈ രംഗം പൊതുജനങ്ങൾക്ക് നൽകുന്നുവെന്നാണ് എഎംഎഐ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയമായ ചികിത്സാ രീതിയെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.
വിവാദം പുകയുമ്പോഴും തിയേറ്ററുകളിൽ വൻ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്. വെറും ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, നിലവിൽ 150 കോടി രൂപയും പിന്നിട്ട് ആഗോളതലത്തിൽ കുതിക്കുകയാണ്. നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രശസ്ത സംവിധായകൻ വിപിൻ ദാസാണ്. ഹാഷിർ എച്ച്, അലൻ ബിൻ സിറാജ് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളാണ് ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.പരാതിയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
‘പേട്രിയറ്റിൽ’ എനിക്കും മോഹൻലാലിനും നായികമാരില്ല, പ്രാധാന്യം സ്റ്റാർഡത്തിനല്ല; മനസ്സ് തുറന്ന് മമ്മൂട്ടി


മോഹൻലാലിന്റെ വിഷുക്കൈനീട്ടം; ‘L366’ ടൈറ്റിൽ പോസ്റ്റർ പുറത്ത്, ചിത്രം ‘അതിമനോഹരം’!




