കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രക്ഷിതാക്കൾ രംഗത്ത്. ഡോ. റാം വിദ്യാർത്ഥികളോട് അതീവ ക്രൂരമായും മോശമായ രീതിയിലുമാണ് പെരുമാറുന്നതെന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് റൂമിൽ വെച്ച് സ്വന്തം മകളെ തങ്ങളുടെ മുന്നിൽ വെച്ച് ഡോക്ടർ ‘വേസ്റ്റ്’ എന്ന് വിളിച്ചതായും, ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകർ ഇത് കേട്ടുനിന്നതല്ലാതെ ഇടപെട്ടില്ലെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
താൻ ചീത്ത പറയുന്നത് കൂടാതെ, വിദ്യാർത്ഥികളെ മോശമായി വിളിക്കാൻ മറ്റ് സഹ അധ്യാപകരെയും ഡോ. റാം നിർബന്ധിക്കാറുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ നൂറ് ശതമാനം ശരിയാണെന്നും അവർ നിയമനടപടിയുമായി മുന്നോട്ട് പോയാൽ പൂർണ്ണ പിന്തുണ നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. മാനേജ്‌മെന്റിനും ആരോഗ്യ സർവ്വകലാശാലയ്ക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.
കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുകയാണ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കും വരെ വൈറ്റ് കോട്ട് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹൗസ് സർജ്ജന്മാർ കോട്ടുകൾ അഴിച്ചുമാറ്റി പ്രതിഷേധിച്ചു. “ഞങ്ങളിലൊരാൾ പോയില്ലേ, ഇനിയും എത്ര പേർ പോകണം?” എന്ന മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രതിഷേധ മാർച്ച് നടത്തി. അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസിലെ മറ്റ് വിദ്യാർത്ഥികളും സമരത്തിന് പിന്തുണയുമായെത്തി.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; കേരള നിയമസഭയിൽ ഇനി തലമുറകളുടെ പോരാട്ടം
കോളേജിലെ പ്രശ്നങ്ങൾ അറിയിക്കാൻ രൂപീകരിച്ച പ്രത്യേക മെയിൽ ഐഡിയിലേക്ക് പരാതികളുടെ പ്രവാഹമാണ്. ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ ഇതുവരെ നൂറ്റമ്പതിലേറെ പരാതികൾ ലഭിച്ചതായാണ് വിവരം. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കുണ്ടായിരുന്ന കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് കോളേജിൽ പതാക ഉയർത്തി.
നിതിൻ്റെ ആത്മഹത്യയ്ക്ക് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന ഉറച്ച നിലപാടിലാണ് സഹപാഠികളും രക്ഷിതാക്കളും. മാനേജ്‌മെന്റ് മൗനം പാലിക്കുന്നതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.


അന്വേഷണ ഏജന്‍സികളെ ചോരയില്‍ മുക്കുന്ന തെരുവ് യുദ്ധങ്ങള്‍; സന്ദേശ്ഖാലി മുതല്‍ തിരുവനന്തപുരം വരെ ഇ.ഡിക്ക് നേരെ രാഷ്ട്രീയ ഗുണ്ടാവിളയാട്ടം; നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ‘രാഷ്ട്രീയ ഭീകരത’യ്ക്കെതിരെ അപകടകരം; തിരുവനന്തപുരത്തെ സിപിഎം ആക്രമണം നാണക്കേട്; ഇഡിയെ വേട്ടയാടിയ കഥകള്‍




