ഗുണ്ടാത്തലവന് സ്റ്റേഷനില്‍ ‘വിഐപി’ പരിഗണന; പോലീസുകാരന് സസ്പെന്‍ഷന്‍; പുത്തന്‍പാലം രാജേഷിനെ സഹായിക്കാന്‍ സി.പി.ഒ എത്തിയത് ഡ്യൂട്ടി ഇല്ലാത്തപ്പോള്‍; പേട്ടയിലെ പോലീസുകാരന്‍ ശ്രീകുമാറിന് പണി കിട്ടി; ഗുണ്ടാ തലവന്‍ ഫോണ്‍ ചെയ്തത് പോലീസന്റെ ഒത്താശയില്‍; തെറ്റുകാരോട് ദാഷണ്യം കാട്ടാതെ കമ്മീഷണര്‍ കാര്‍ത്തിക്

തിരുവനന്തപുരം: തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒയ്ക്ക് സസ്പെന്‍ഷന്‍. പേട്ട പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീകുമാറിനെതിരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് കര്‍ശന നടപടി സ്വീകരിച്ചത്. പോലീസും ഗുണ്ടകളും തമ്മിലുള്ള വഴിവിട്ട ബന്ധം ഒരിക്കല്‍ കൂടി പുറത്തായതോടെ സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിയൊരുക്കിയിരിക്കുന്നത്.
അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പുത്തന്‍പാലം രാജേഷിനെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തത്. തുടക്കത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പേട്ട പോലീസ് സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമാണ്. നിസ്സാര വകുപ്പുകള്‍ ചുമത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് ഇടപെട്ടതോടെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവകരമായ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയത്.
അറസ്റ്റിലായി പേട്ട സ്റ്റേഷനിലെത്തിച്ച രാജേഷിന് നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത് പോലീസുകാരനാണെന്ന വിവരം സ്പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ ഫോണാണ് രാജേഷിന് സംസാരിക്കാന്‍ നല്‍കിയത്. ഈ ഉദ്യോഗസ്ഥനെ സ്വാധീനിച്ചതും രാജേഷിനായി സ്റ്റേഷനില്‍ ചരടുവലികള്‍ നടത്തിയതും സസ്പെന്‍ഷനിലായ ശ്രീകുമാറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സംഭവദിവസം അതിരാവിലെ തന്നെ ശ്രീകുമാര്‍ സ്റ്റേഷനിലെത്തിയിരുന്നു എന്നതാണ് പോലീസിനെ ഞെട്ടിച്ച മറ്റൊരു വസ്തുത. അന്ന് ഇയാള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. പുത്തന്‍പാലം രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകുമാര്‍ ഓടിയെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പുറംലോകവുമായി ബന്ധപ്പെടാനും മറ്റും ശ്രീകുമാര്‍ എല്ലാ സഹായങ്ങളും സ്റ്റേഷനുള്ളില്‍ ഒരുക്കി നല്‍കുകയായിരുന്നു.
ജി.ഡി ചാര്‍ജ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചോ സ്വാധീനിച്ചോ ആണ് ശ്രീകുമാര്‍ ഫോണ്‍ കൈക്കലാക്കിയത്. ഈ ഫോണ്‍ ഉപയോഗിച്ച് പുത്തന്‍പാലം രാജേഷ് പുറത്തുള്ളവരുമായി ദീര്‍ഘനേരം സംസാരിച്ചു. ഗുണ്ടാത്തലവന് സ്റ്റേഷനില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഈ പോലീസുകാരന്റെ ലക്ഷ്യം. എന്നാല്‍ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ശ്രീകുമാറിന്റെ കളികള്‍ പോലീസിന് തന്നെ പിടികൂടാന്‍ എളുപ്പമായി.
ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും പുലര്‍ച്ചെ തന്നെ ശ്രീകുമാര്‍ സ്റ്റേഷനിലെത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ഇയാള്‍ക്കായില്ല. സ്റ്റേഷനുള്ളിലെ രഹസ്യ നീക്കങ്ങളെല്ലാം സി.സി.ടി.വിയില്‍ കൃത്യമായി പതിഞ്ഞിരുന്നു. ഗുണ്ടാത്തലവനെ പിടികൂടാന്‍ രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകരെ പുറകില്‍ നിന്ന് കുത്തുന്ന നടപടിയാണിതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിലയിരുത്തി.
തലസ്ഥാന നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പുത്തന്‍പാലം രാജേഷ്. ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ’ ഭാഗമായി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ശ്രീകാര്യം പോലീസ് അതിസാഹസികമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള പുതിയ കേസുകള്‍ കൂടി വന്നതോടെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പോലീസ് ആഭ്യന്തര അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പോലീസ് സേനയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ശ്രീകുമാര്‍ കുടുങ്ങിയത്. പോലീസുകാര്‍ക്ക് ക്രിമിനലുകളുമായുള്ള ബന്ധം വെച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന താക്കീതാണ് ഈ സസ്പെന്‍ഷന്‍.
മുന്‍പും തലസ്ഥാനത്ത് പല പോലീസുകാര്‍ക്കും ഗുണ്ടാബന്ധത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ഗുണ്ടാ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ കൂടുതല്‍ പട്ടിക ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്. സസ്പെന്‍ഷനിലായ ശ്രീകുമാറിന് ഗുണ്ടാസംഘങ്ങളുമായി നേരത്തെയും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ക്രിമിനലുകളെ സഹായിക്കുന്ന പോലീസുകാര്‍ക്കെതിരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.