തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ പോളിംഗ് കണക്കുകള്‍ പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രാഷ്ട്രീയ കേരളത്തില്‍ വലിയ പുകിലുകള്‍ക്ക് വഴിമാറുന്നു. സാധാരണഗതിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വ്യക്തമാകാറുള്ള കണക്കുകള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ‘പ്രഹേളിക’യായി തുടരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
സാധാരണ രാഷ്ട്രീയമായി ഇരുധ്രുവങ്ങളില്‍ നില്ക്കാറുള്ള മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഈ വിഷയത്തില്‍ ഒരേസ്വരത്തിലാണ് സംസാരിക്കുന്നത്. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടുകളും ഉടന്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. വിവരങ്ങള്‍ വൈകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുവെന്നാണ് സതീശന്റെ വാദം. സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച കാലത്ത് വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ നാല് ദിവസം എടുക്കുന്നത് ദുരൂഹമാണെന്ന് മന്ത്രി ആരോപിച്ചു. സര്‍വീസ് വോട്ടും ഹോം വോട്ടും ഉള്‍പ്പെടെയുള്ളവയുടെ അന്തിമ കണക്ക് ഉടന്‍ പുറത്തുവിടണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
നിലവില്‍ 78.27 ശതമാനം പോളിംഗ് നടന്നുവെന്ന ഏകദേശ കണക്ക് മാത്രമാണ് കമ്മീഷന് ഔദ്യോഗികമായി നല്‍കിയിട്ടുള്ളത്. എന്നാല്‍ മണ്ഡലങ്ങള്‍ തിരിച്ചുള്ള തപാല്‍ വോട്ടുകളോ, ഇത്തവണ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്ന ‘വീട്ടിലെ വോട്ടുകളുടെ’ കണക്കോ കമ്മീഷന്റെ പോര്‍ട്ടലില്‍ ലഭ്യമല്ല. വോട്ടെടുപ്പ് ദിവസം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ‘പിആര്‍ ആപ്പില്‍’ നല്കിയ പ്രാഥമിക വിവരങ്ങള്‍ക്കപ്പുറം ഒരു വ്യക്തതയും ഇപ്പോഴില്ല.
എന്നാല്‍ കണക്കുകള്‍ വൈകിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. വരണാധികാരികള്‍ ഓരോ ബൂത്തിലെയും വിവരങ്ങള്‍ കൃത്യമായി ക്രോഡീകരിച്ചു വരികയാണെന്നും, ഇത് പൂര്‍ത്തിയായാലുടന്‍ ഔദ്യോഗികമായി വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും കമ്മീഷന് അറിയിച്ചു. ഓരോ ബൂത്തിലെയും കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് അതാത് സമയം നല്കിയിട്ടുള്ളതിനാല് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന് വാദിക്കുന്നു.
ഭരണമാറ്റം പ്രവചിക്കുന്ന മോഡലുകളും, എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചാ അവകാശവാദങ്ങളും നിലനില്‍ക്കെ, കമ്മീഷന് പുറത്തുവിടാന്‍ പോകുന്ന അന്തിമ കണക്കുകള്‍ ഓരോ മുന്നണിക്കും ചങ്കിടിപ്പേറ്റുന്നതാണ്. പോസ്റ്റല്‍ വോട്ടുകളിലും ഹോം വോട്ടുകളിലും ഇത്തവണ വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്ന സൂചനകള്‍ക്കിടയില്‍, ചെറിയ വോട്ട് വ്യത്യാസങ്ങള്‍ പോലും ഫലത്തെ മാറ്റി മറിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാർട്ടിയിൽ ഭിന്നതയില്ല; റോഷി അഗസ്റ്റിന്റേത് സദുദ്ദേശപരമായ നിലപാടെന്ന് ജോസ് കെ. മാണി





