തിരുവനന്തപുരം: രാജ്യശ്രദ്ധയാകര്‍ഷിച്ച മധ്യപ്രദേശ് കുംഭമേള വൈറല്‍ വിവാഹത്തില്‍ കേരളാ പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളി തമ്പാനൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് ഒറിജിനലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ഈ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. പോലീസ് മേധാവിക്ക് നേരിട്ട് ഹാജരാകാന്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് നോട്ടീസ് നല്കിയ പശ്ചാത്തലത്തിലാണ് പോലീസ് മേധാവി തമ്പാനൂര്‍ പോലീസ് വിശദീകരണം നല്‍കിയത്.
വിവാദമായ വിവാഹത്തിന് പിന്നിലെ നാടകീയ രംഗങ്ങള്‍ ആരംഭിക്കുന്നത് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ്. പെണ്‍കുട്ടി തന്റെ അച്ഛനും കാമുകനുമൊപ്പമാണ് ആദ്യം സ്റ്റേഷനിലെത്തിയത്. എന്നാല്‍ അവിടെ വെച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കാമുകനും പെണ്‍കുട്ടിയും ചേര്‍ന്ന് പരാതി നല്‍കുകയായിരുന്നു. തന്റെ അച്ഛന് വിവാഹത്തിന് എതിരാണെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.
പരാതി ലഭിച്ചതോടെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പോലീസ് രേഖകള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡില്‍ 18 വയസ്സ് തികഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. ആധാര്‍ നമ്പറും സൈറ്റിലെ വിവരങ്ങളും ഒത്തുനോക്കിയ ശേഷം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്ന നിഗമനത്തില്‍ പോലീസ് അച്ഛനെ പറഞ്ഞുവിടുകയായിരുന്നു. ഈ നടപടിയില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
അതേസമയം, വിവാഹത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇവര്‍ക്കെതിരെ കേരളാ പോലീസ് തല്ക്കാലം കേസെടുക്കില്ല. മധ്യപ്രദേശ് പോലീസും രാഷ്ട്രീയ നേതാക്കളെ ഉടന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന.
കേരളത്തില്‍ ആധാര്‍ ഒറിജിനലാണെന്ന് പോലീസ് പറയുമ്പോഴും മധ്യപ്രദേശ് പോലീസ് വ്യാജരേഖാ നിര്‍മ്മാണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. ആധാര്‍ നമ്പറുകള്‍ നിലവിലുണ്ടെങ്കിലും അതിലെ ജനനതീയതി എഡിറ്റ് ചെയ്ത് മാറ്റിയതാണോ എന്ന് മധ്യപ്രദേശ് പോലീസ് ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും ഇതില്‍ നിര്‍ണ്ണായകമാകും.
ബി.എന്‍.എസ് (ആചട) സെക്ഷന്‍ 143 പ്രകാരം മനുഷ്യക്കടത്തിന് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ഈ കേസില്‍ ഉള്‍പ്പെട്ടേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണത്തിനായി കടത്തുന്നത് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. രേഖകളില്‍ തിരിമറി നടത്തിയതിന് ബി.എന്‍.എസ് 337 പ്രകാരം ഏഴു വര്‍ഷം തടവും ലഭിക്കാം. വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പട്ടികവര്‍ഗ്ഗ കമ്മീഷന് നിയമ ഉപദേഷ്ടാവ് പ്രകാശ് ഉയ്ക്കെ പറയുന്നു.
കുറ്റകൃത്യം നടക്കുമ്പോള്‍ അവിടെ സഹായിയായി നില്‍ക്കുന്നവരും ആ കുറ്റം ചെയ്തവരായി കണക്കാക്കപ്പെടുമെന്ന് (ബി.എന്‍.എസ് സെക്ഷന്‍ 54) മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കുട്ടിക്കെതിരെ അതിക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് പോക്സോ സെക്ഷന്‍ 19 പ്രകാരം ശിക്ഷാര്‍ഹമാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കൊണ്ടുപോയതിന് ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്. ബാലവിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം, ചതിയിലൂടെയോ തട്ടിക്കൊണ്ടുപോയോ നടത്തുന്ന വിവാഹങ്ങള്‍ തുടക്കം മുതല്ക്കേ അസാധുവായാണ് നിയമം കാണുന്നത്. ഇത് പ്രതികളുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്.
പെണ്‍കുട്ടി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകളും കേസില്‍ വരും. ജാതിയുടെ പേരില്‍ അതിക്രമം കാട്ടിയാല്‍ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും. കുടുംബം ഉന്നയിച്ച തട്ടിക്കൊണ്ടുപോകല്‍ പരാതിയും പെണ്‍കുട്ടി സ്റ്റേഷനില്‍ നല്കിയ പരാതിയും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
മധ്യപ്രദേശ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതോടെ കേരളാ പോലീസിന്റെ നിലപാടും രാഷ്ട്രീയ നേതാക്കളുടെ പങ്കും കൂടുതല്‍ വ്യക്തമാകും. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള കേസ് ആയതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. വൈറലായ വൈറല്‍ വിവാഹം ഇനി നിയമപോരാട്ടങ്ങളുടെ വേദിയായി മാറുമെന്നുറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്
പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്







