ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് കസ്റ്റഡിയിൽ; ബൂത്തിനുള്ളിൽ കയറിയത് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്

കാസര്‍കോട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കാസർകോട് ഉദുമയിൽ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്ത് പ്രവേശിച്ച യുഡിഎഫ് ചീഫ് ഏജന്റ് അഡ്വ. ബി.എം. ജമാലിനെ ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റാണ് പിടിയിലായ ജമാൽ.
ബേക്കല്‍ ഇസ്‌ലാമിയ എല്‍പി സ്‌കൂളിലെ 144-ാം നമ്പര്‍ ബൂത്തിലാണ് സംഭവം നടന്നത്. അതീവ സുരക്ഷയുള്ള പോളിംഗ് ബൂത്തിനകത്തേക്ക് അത്യാധുനികമായ ക്യാമറ കണ്ണട ധരിച്ചെത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫ്ലയിംഗ് സ്ക്വാഡ് ഇടപെടുകയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്തിനാണ് ഇത്തരമൊരു ‘സ്പൈ ക്യാമറ’ കണ്ണട ധരിച്ച് ബൂത്തിനകത്ത് കയറിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വോട്ടിംഗ് നടപടികൾ രഹസ്യമായി ചിത്രീകരിക്കാനാണോ നീക്കമെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജമാലിന്റെ പക്കൽ നിന്നും ക്യാമറ ഘടിപ്പിച്ച കണ്ണട കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
ബൂത്തിനകത്ത് മൊബൈൽ ഫോണുകൾക്ക് പോലും വിലക്കുള്ള സാഹചര്യത്തിൽ, ചീഫ് ഏജന്റ്  ഇത്തരമൊരു നീക്കം നടത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണന്ന്  എൽഡിഎഫ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.