കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിന് കനത്ത പ്രഹരമേകി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്ത എപി വിഭാഗത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്ന് നിർദ്ദേശിക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. മണ്ഡലമോ സ്ഥാനാർത്ഥിയോ നോക്കാതെ ഇടത് മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കാനാണ് സംഘടനയുടെ തീരുമാനം.
കഴിഞ്ഞയാഴ്ച കോഴിക്കോട്ട് ചേർന്ന നേതൃയോഗത്തിലാണ് എൽഡിഎഫിന് പരസ്യപിന്തുണ നൽകാൻ ധാരണയായത്. നിലവിൽ ഭരിക്കുന്ന മുന്നണി തങ്ങളെ സഹായിച്ച കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് വോട്ട് അഭ്യർത്ഥന. മുജാഹിദ് വിഭാഗത്തെ മുസ്ലിം ലീഗ് വഴിവിട്ട് സഹായിക്കുന്നുവെന്ന പരാതിയെത്തുടർന്ന് ലീഗ് നേതൃത്വവുമായി എപി വിഭാഗം അകന്നുനിൽക്കുകയായിരുന്നു. ഈ അകൽച്ചയാണ് ഇപ്പോൾ പരസ്യമായ ഇടത് പിന്തുണയിലേക്ക് വഴിമാറിയിരിക്കുന്നത്
.ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ബന്ധവും പുലർത്തരുതെന്ന് സമസ്തയുടെ നൂറാം വാർഷിക പ്രമേയത്തിലൂടെ ഇരുവിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചുകൊണ്ട് യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സ്വീകരിച്ചത് എപി വിഭാഗത്തെ പ്രകോപിപ്പിച്ചു. കഴിഞ്ഞ ഭരണകാലത്ത് സമസ്തയുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച എൽഡിഎഫ് സർക്കാരിനോടുള്ള നന്ദി സൂചിപ്പിക്കാനാണ് ഈ തീരുമാനമെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന ആക്ഷേപം എപി വിഭാഗം കാലങ്ങളായി ഉയർത്തുന്നുണ്ട്.
യുഡിഎഫിന്റെ ഉറച്ച വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ ഈ നീക്കം കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിലെ പല മണ്ഡലങ്ങളിലും എപി വിഭാഗത്തിന്റെ വോട്ടുകൾ നിർണ്ണായകമാണ്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ വീഡിയോ സന്ദേശം യുഡിഎഫ് ക്യാമ്പിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.


അയ്യപ്പ സംഗമത്തിലെ സ്പോൺസർഷിപ്പ് വിവാദത്തിൽ; ദേവസ്വം ബോർഡും മന്ത്രിയും രണ്ട് തട്ടിൽ? നിയമസഭയിൽ വെളിപ്പെടുത്തൽ
പ്രേംകുമാറിന്റെ മാറ്റം നിലപാടുകളുടെ പേരിലല്ല; വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ





