കണ്ണൂര്‍: കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തവിധം രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്പോര് അങ്ങേയറ്റം തരംതാഴ്ന്ന നിലയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന പിണറായിയുടെ വാക്കുകള്‍ കേട്ട് രാഷ്ട്രീയ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.
രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണ്ണൂരില്‍ വെച്ച് ഇത്തരത്തില്‍ പ്രതികരിച്ചത്. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇത്തരത്തില്‍ പരസ്യമായി ഏറ്റുമുട്ടുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. തെരുവുകളില്‍ ഗുണ്ടകള്‍ ഏറ്റുമുട്ടുന്നതിന് സമാനമായ സംസ്കാരമാണ് ഭരണത്തലവന്മാരില് നിന്ന് ഉണ്ടാകുന്നതെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഹന്‍ലാല്‍ സിനിമയിലെ വിഖ്യാതമായ മാസ് ഡയലോഗ് അനുകരിച്ചാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെ കടന്നാക്രമിച്ചത്. ‘നീ പോ മോനേ വിജയാ’ എന്ന് പരസ്യമായി പരിഹസിച്ച അദ്ദേഹം, പിണറായി വിജയന്റെ രാഷ്ട്രീയ ആയുസ്സ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും പ്രഖ്യാപിച്ചിരുന്നു. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്റെ റോഡ് ഷോയിലായിരുന്നു രേവന്തിന്റെ ഈ വിവാദ പരാമര്‍ശം.
രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് മുഖ്യമന്ത്രി കടന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ ചൊടിപ്പിക്കുന്നത്. കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിന് ഇത് വലിയ അപമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഭാഷാ പ്രയോഗം സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ശമ്പളവും പെന്‍ഷനും നിരന്തരം മുടക്കുന്ന തെലങ്കാന സര്‍ക്കാരിനെ നയിക്കുന്ന രേവന്ത് റെഡ്ഡിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയന് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. കേരളത്തില്‍ നിന്നാണ് രേവന്ത് റെഡ്ഡി ഭരണനിര്‍വ്വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ടതെന്നും കേരളത്തിന്റെ ജനക്ഷേമ മാതൃകകളെക്കുറിച്ച് അറിയാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും അഴിമതി ആരോപണങ്ങളുമാണ് ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള തര്‍ക്കത്തിന് പ്രധാന കാരണം. കേരളത്തിലെ ഇടതു സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചപ്പോള്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണപരാജയങ്ങള്‍ എടുത്തുകാട്ടാനാണ് പിണറായി ശ്രമിച്ചത്. എന്നാല്‍ വാക്പോര് അസഭ്യവര്‍ഷത്തിലേക്ക് നീങ്ങിയതോടെ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്കാരമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. തോല്‍വി ഭയന്നാണ് പിണറായി വിജയന് ഇത്തരത്തില്‍ അധിക്ഷേപങ്ങള്‍ ചൊരിയുന്നതെന്ന് യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന ഭാഷയല്ല പിണറായി ഉപയോഗിക്കുന്നതെന്നും ഇതിന് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ ഈ ‘മുഖ്യമന്ത്രി യുദ്ധം’ വലിയ രീതിയില്‍ പ്രതിഫലിക്കും. ആശയപരമായ സംവാദങ്ങള്‍ വഴിമാറി വ്യക്തിപരമായ ചെളിവാരി എറിയലുകള്ക്ക് പ്രാധാന്യം ലഭിക്കുന്നത് വോട്ടര്‍മാരെ എത്തരത്തില്‍ സ്വാധീനിക്കുമെന്നാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. കേരളം ഇന്നുവരെ കാണാത്ത ഈ രാഷ്ട്രീയ കീഴ്വഴക്കം വരും നാളുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഏഷ്യൻ ഗെയിംസ് ട്രയൽസ്: വിനേഷ് ഫോഗട്ടിന്റെ അപേക്ഷ റെസ്ലിംഗ് ഫെഡറേഷൻ അംഗീകരിച്ചു





