കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണിക്ക് ശേഷം ഈ മണ്ഡലങ്ങളിൽ നിശബ്ദ പ്രചാരണം നടത്തി വിജയത്തെ കൈപ്പിടിയിൽ ഒതുക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3000 വോട്ടുകൾക്ക് താഴെ യുഡിഎഫിന് നഷ്ടപ്പെട്ടത് 12 സീറ്റുകളാണ്. ഏറ്റവും കുറവ് ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിനു വേണ്ടി കളത്തിൽ ഇറങ്ങിയ പാറക്കൽ അബ്ദുല്ല തൊട്ടടുത്ത സ്ഥാനാർത്ഥി സിപിഎമ്മിലെ കെ പി മുഹമ്മദ് കുട്ടിയോട് വെറും 333 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
മലപ്പുറം ജില്ലയിലെ താനൂരാണ് മറ്റൊരു മണ്ഡലം. നാഷണൽ സെക്കുലർ കോൺഫറൻസിന്റെ ബാനറിൽ എൽഡിഎഫിന് വേണ്ടി ജനവിധി തേടിയ വി അബ്ദുൽ റഹ്മാൻ 985 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.
കൊല്ലം ജില്ലയിലെ ചവറയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 1096 മാത്രമായിരുന്നു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. സുജിത് വിജയൻ പിള്ളയാണ് ഇവിടെ ആർഎസ്പിയുടെ അധികായ കനായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്.
പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണൻ 1744 വോട്ടുകൾക്കാണ് വിജയിച്ചത്. 1745 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് എസ്ന്റെ  രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ച കണ്ണൂരും ഈ കൂട്ടത്തിലുണ്ട്.
ഇടുക്കി ജില്ലയിലെ പീരുമേട് 1835 വോട്ടുകൾക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടപ്പെട്ടത് സിപിഐയുടെ ബാനറിൽ മത്സരിച്ച വാഴൂർ സോമന് ആയിരുന്നു വിജയം. എന്നാൽ എംഎൽഎ ആയിരിക്കെ അദ്ദേഹം അന്തരിച്ചു.
കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച എം മുകേഷ് 2072 വോട്ടുകൾക്കാണ് വിജയിച്ചത്. മലപ്പുറം ജില്ലയിലെ തവനൂരിൽ സിപിഎം സ്വതന്ത്രനായ കെ ടി ജലീലിന്റെ വിജയം 2564 വോട്ടുകൾക്കായിരുന്നു.
എറണാകുളം ജില്ലയിലെ കുന്നത്ത്നാടിന്റെ സ്ഥിതിയും ഏതാണ്ട് ഇതുതന്നെയാണ്. അഡ്വ. പി വി ശ്രീനിജന് 2715 വോട്ടുകളുടെ ഭൂരിപക്ഷംമാത്ര മാണ് നേടാനായത്.
കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ ആർ എസ് പി (ലെനിനിസ്ററ് )പാർട്ടിയുടെ ബാനറിൽ എൽഡിഎഫിനു വേണ്ടി ജനവിധി തേടിയ കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം 2790 ആയിരുന്നു.  പത്തനംതിട്ട ജില്ലയിലെ അടൂർ നിയമസഭാ മണ്ഡലത്തിന്റെ പഴയസ്ഥിതിയും ശ്രമിച്ചാൽ യുഡിഎഫിന് വിജയം നേടാൻ കഴിയുന്ന തരത്തിലുള്ളതാണ്. 2962 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് സിപിഐ നേതാവായ ചിറ്റയം ഗോപകുമാറിന് 2021ൽ നേടാനായത്.
പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം സിപിഎമ്മിന്റെ കരുത്തനായ എം ബി രാജേഷ് 3016 വോട്ടുകളുടെ ബലത്തിലാണ് കയ്യടക്കിയത്. കോൺഗ്രസിന്റെ വി ടി ബലറാം ആയിരുന്നു എതിരാളി. ഈ മണ്ഡലവും തിരിച്ചുപിടിക്കണം എന്ന വാശിയിലാണ് യു ഡി എഫ്. നേതൃത്വം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.