വാഷിംഗ്ടണ്‍: ഇറാനെതിരെ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ അസാധാരണമായ വാര്‍ത്താസമ്മേളനത്തിലാണ്, സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ് പ്രഖ്യാപിച്ചത്. ഇറാന് വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇറാന്റെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ത്ത് രാജ്യത്തെ ‘ശിലായുഗത്തിലേക്ക്’ തള്ളിക്കളയുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇറാന്റെ പ്രധാനപ്പെട്ട ഒരു പാലം വെറും പത്ത് മിനിറ്റിനുള്ളില്‍ തകര്‍ത്തുകൊണ്ട് തങ്ങള്‍ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടുമെന്നും ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിഞ്ഞ് ഇല്ലാതാകുമെന്നും പറഞ്ഞു. ഇറാന്റെ പുനര്‍നിര്‍മ്മാണത്തിന് 100 വര്‍ഷം വേണ്ടിവരുമെന്നാണ് ട്രംപിന്റെ വാദം. ഇറാന് സൈനികമായി പരാജയപ്പെട്ടുവെന്നും സമുദ്രപാതകളില്‍ മൈനുകള്‍ വിതറുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വെനിസ്വേലന്‍ എണ്ണയുടെ കാര്യത്തില്‍ സ്വീകരിച്ചതിന് സമാനമായ നിലപാടായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ജനങ്ങള്‍ ഭരണകൂടത്തെ വെറുക്കുന്നുവെന്നും ബോംബിംഗ് തുടരാന്‍ അവര്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നുമുള്ള വിചിത്രമായ വാദവും ട്രംപ് ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സേനയുടെ കൃത്യതയെ പ്രകീര്‍ത്തിച്ച ട്രംപ്, ഇറാന് ഭരണകൂടം സ്വന്തം ജനതയോട് ക്രൂരമായാണ് പെരുമാറുന്നതെന്നും ആരോപിച്ചു.
അതേസമയം, ട്രംപിന്റെ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനും വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്. അമേരിക്കന്‍ യുദ്ധവിമാനം ഇറാന് വെടിവച്ചിട്ടതിനെ വിജയമായി ചിത്രീകരിക്കുന്നത് ശുദ്ധമായ കോമാളിത്തരമാണെന്ന് പ്രമുഖ മാധ്യമ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ വാര്‍ത്താസമ്മേളനം ഒരു കോമഡി സ്കിറ്റ് പോലെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. പെന്റഗണിലെ കണക്കുകളും ട്രംപിന്റെ അവകാശവാദങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ ദിവസവും ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്ന് യുഎസ് ഭരണകൂടം അവകാശപ്പെടുമ്പോഴും, ആക്രമണങ്ങളുടെ അളവില്‍ വലിയ വര്‍ദ്ധനവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നാറ്റോ സഖ്യകക്ഷികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ട്രംപ്, ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകള്‍ പഴഞ്ചനാണെന്ന് പരിഹസിച്ചു. സഖ്യകക്ഷികള്‍ മാറിനില്‍ക്കുന്നത് നാറ്റോയുടെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ തൊടുത്ത 101 മിസൈലുകളും അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടു മണിയെന്ന സമയപരിധി അവസാനിക്കാനിരിക്കെ, ട്രംപിന്റെ ‘ഇന്‍സ്റ്റിങ്ക്ട്’ ഒരു സമാധാന കരാറിലേക്കാണോ അതോ ഇറാനെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന യുദ്ധത്തിലേക്കാണോ നയിക്കുകയെന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍





