ടെഹ്റാന്: പശ്ചിമേഷ്യന്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് ജനതയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രതിരോധ സേന (കഉഎ). ഇറാനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നോ ട്രെയിന്‍ മാര്‍ഗ്ഗമോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. ഡൊണാള്‍ഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നീക്കം.
ഇന്ന് രാത്രി ഇറാന് സമയം 21:00 വരെ ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനാണ് ഐഡിഎഫ് തങ്ങളുടെ പേര്‍ഷ്യന്‍ എക്സ് അക്കൗണ്ടിലൂടെ നിര്‍ദ്ദേശിച്ചത്. റെയില്‍വേ ലൈനുകള്‍ക്ക് സമീപം നില്‍ക്കുന്നത് പോലും അപകടകരമാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇറാന്റെ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയാണിത്.
ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇന്ന് വൈകുന്നേരം 8 മണിക്ക് അവസാനിക്കും. ഇറാന് വഴങ്ങിയില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ‘ഒട്ടുമില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനെ ‘ശിലായുഗത്തിലേക്ക്’ മടക്കി അയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ മങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 111 ഡോളറായും വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് വില 115 ഡോളറായും വര്‍ദ്ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് കടലിടുക്ക് വഴി വിതരണം തടസ്സപ്പെട്ടത് ആഗോള സമ്പദ്വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ റഷ്യന്‍ ഉപഗ്രഹങ്ങള്‍ ഇറാനെ സഹായിക്കുന്നതായി യുക്രൈന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, ഇസ്രായേല്‍ തുടങ്ങി 11 രാജ്യങ്ങളിലെ 46 സൈനിക കേന്ദ്രങ്ങളെക്കുറിച്ച് റഷ്യന്‍ ഉപഗ്രഹങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ പോകാനിരുന്ന രണ്ട് ഖത്തരി എണ്ണക്കപ്പലുകളെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
യുദ്ധം അനിയന്ത്രിതമായി വളരുന്നത് ആണവ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോ മുന്നറിയിപ്പ് നല്കി. അമേരിക്കയുടെ ആഗോള നേതൃത്വം തന്നെ ഈ യുദ്ധത്തോടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇറാന് യുവജനമന്ത്രി ആഹ്വാനം ചെയ്തു. ജനകീയ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാന് വാദിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുൻ തായ് പ്രധാനമന്ത്രി തക്സിൻ ഷിനവത്ര ജയിൽ മോചിതനായി; പരോൾ അനുവദിച്ചത് പ്രായം പരിഗണിച്ച്





