കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
പ്രതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് പോലീസിന്റെ അറസ്റ്റ് നടപടിയെ കോടതിയിൽ ശക്തമായി ചോദ്യം ചെയ്തു. ഏഴ് വർഷത്തിൽ താഴെ മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത് സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. രഞ്ജിത്തിന്റെ മോശം ആരോഗ്യസ്ഥിതിയും ജാമ്യത്തിനായി ഉയർത്തിക്കാട്ടിയെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല.
രഞ്ജിത്ത് ചെയ്ത കുറ്റകൃത്യം അതീവ ഗുരുതരമായ സ്വഭാവമുള്ളതാണെന്നും തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പുതിയ സിനിമയിൽ അഭിനയിക്കാൻ എത്തിയ യുവനടിയെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിൽ വെച്ച് കാരവനുള്ളിൽ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. നടിയുടെ മൊഴി രേഖപ്പെടുത്തിയ കൊച്ചി നോർത്ത് പോലീസ്, അപ്രതീക്ഷിത നീക്കത്തിലൂടെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
തിരുവല്ലയിലെ സ്പാ പീഡനത്തില്‍ പോലീസും സംശയനിഴലില്‍? ആഭ്യന്തര അന്വേഷണം ആരംഭിച്ചു; ‘മാസപ്പടി’ വാങ്ങുന്നവര്‍ കുടുങ്ങും;
തൊടുപുഴയിലേക്ക് പോകുന്നതിനിടെ മട്ടത്ത് വെച്ച് കാർ തടഞ്ഞായിരുന്നു പോലീസിന്റെ അറസ്റ്റ്. തുടർന്ന് എറണാകുളത്തെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. എസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. കസ്റ്റഡി കാലാവധിയിൽ ലൊക്കേഷനിലെത്തിച്ചുള്ള തെളിവെടുപ്പും ഉണ്ടായേക്കും.


ഡൊണാൾഡ് ട്രംപ് ചൈനയിലേക്ക്; ഒൻപത് വർഷത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ചൈനീസ് മണ്ണിൽ



