ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഇടത് നിരീക്ഷകന്‍ അഡ്വ.ബി.എന്‍. ഹസ്‌കറിന് പാര്‍ട്ടി മുന്നറിയിപ്പ്, പറഞ്ഞതിലുറച്ച് ഹസ്‌കര്‍

കൊല്ലം : ഇടതുപക്ഷ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ബി.എന്‍. ഹസ്‌കറിന് പരസ്യമായി മുന്നറിയിപ്പ് നല്‍കി സിപിഎം. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന നിലപാടിലാണ് ഹസ്‌കര്‍.

കൊല്ലം അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്‌കറിന് മുന്നറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഒഴിവാക്കണമെന്നും ‘ഇടതു നിരീക്ഷകന്‍’ എന്ന ലേബലില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

എന്നാല്‍ താന്‍ പറഞ്ഞത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി നിലപാടാണെന്നും പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം യോഗത്തില്‍ മറുപടി നല്‍കി.തനിക്കെതിരെ നടപടി എടുക്കുകയാണെങ്കില്‍ എ.കെ. ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്ന് ഹസ്‌കര്‍ തുറന്നടിച്ചു. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച പാര്‍ട്ടി നിര്‍ദ്ദേശമാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിലപാടുകളെ ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയിലടക്കം വന്‍ ചര്‍ച്ചയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.