മോസ്കോ: ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ശനിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ റഷ്യന്‍ സൈന്യം യുദ്ധം നിര്‍ത്തിവെക്കാനാണ് ക്രെംലിന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി നേരത്തെ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തോടാണ് റഷ്യ ഇപ്പോള്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.
ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ഇരുപക്ഷവും ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് സെലെന്‍സ്കി ഈ ആഴ്ച ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. റഷ്യയുടെ യുക്രെയ്ന് അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരുന്നത്. എന്നാല്‍ പുടിന്റെ പ്രഖ്യാപനത്തോട് കീവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുന്‍പും സമാനമായ രീതിയില്‍ ഹ്രസ്വകാല വെടിനിര്‍ത്തലുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണ്ണമായി നടപ്പിലാക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്ററിനും പുടിന് ഏകപക്ഷീയമായി 30 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും കരാര്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചിരുന്നു. ഇത്തവണയും ശത്രുപക്ഷത്ത് നിന്നുള്ള പ്രകോപനങ്ങളെ നേരിടാന്‍ റഷ്യന്‍ സൈന്യം തയ്യാറായിരിക്കണമെന്ന് ക്രെംലിന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം 1,250 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള മുന്‍നിരകളില്‍ ഇപ്പോഴും കനത്തു തുടരുകയാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, റഷ്യയുടെ ഈ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ നീക്കം അന്താരാഷ്ട്ര തലത്തില്‍ ഗൗരവത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. യുക്രെയ്ന് ഈ മാതൃക പിന്തുടരുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിക്കുന്നു? സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് വ്ലാഡിമിർ പുടിൻ





