മൂവാറ്റുപുഴ: സ്വന്തം ബന്ധുവിനെതിരെ പീഡനപരാതി നല്‍കിയതിന്റെ വ്യക്തിവിരോധത്തില്‍ യുവതിക്കെതിരെ കെട്ടിച്ചമച്ച പോക്സോ കേസില്‍ വിചാരണ നടപടികള്‍ കോടതി അവസാനിപ്പിച്ചു. എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്ന് പോലീസ് തുടരന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കേസില്‍ കുറ്റാരോപിതയായ യുവതിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീര്‍ ഉത്തരവിട്ടത്.
പോക്സോ നിയമം നിലവില്‍ വന്നതിനു ശേഷം എറണാകുളം ജില്ലയില്‍ ആദ്യമായാണ് കോടതിയിലെത്തിയ ഒരു കേസ് പൂര്‍ണ്ണമായും വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും, അത് അംഗീകരിച്ച് കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നത്. വിരോധം തീര്‍ക്കാന്‍ കുരുന്നുകളെ മുന്നില്‍നിര്‍ത്തി വ്യാജ കേസുണ്ടാക്കുന്ന പ്രവണതയ്ക്കെതിരെയുള്ള നിര്‍ണായക വിധി കൂടിയാണിത്.
2021 ഏപ്രില്‍ 15 മുതല്‍ മേയ് ഒന്നു വരെയുള്ള കാലയളവില്‍ തന്റെ എട്ടുവയസ്സുള്ള മകനെ 21-കാരിയായ യുവതി നിരന്തരമായി പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. 2022 സെപ്റ്റംബര്‍ നാലിനാണ് ഉരുളന്തണ്ണി സ്വദേശിനിയായ അമ്മ കുട്ടംപുഴ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാല്‍, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് പോലീസിന്റെ കൃത്യമായ തുടരന്വേഷണമാണ്. ആണ്‍കുട്ടിയുടെ അമ്മയുടെ ഉറ്റബന്ധുവിനെതിരെ മുന്‍പ് ഈ യുവതി പീഡനപരാതി നല്‍കിയിരുന്നു. ഈ കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി യുവാവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സ്വന്തം ബന്ധുവിനെ ജയിലിലടച്ചതിന്റെ കടുത്ത വിരോധത്തിലാണ് യുവതിക്കെതിരെ വ്യാജ പോക്സോ പരാതിയുമായി അമ്മ രംഗത്തെത്തിയതെന്ന് പോലീസ് കണ്ടെത്തി.
അന്വേഷണ ഘട്ടത്തില്‍ ഇരയെന്ന് ആരോപിക്കപ്പെട്ട ആണ്‍കുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴികളിലുണ്ടായ വൈരുധ്യങ്ങളാണ് പോലീസിന് ആദ്യമായി സംശയം ജനപ്പിച്ചത്. ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്കാന് പരാതിക്കാര്‍ക്ക് സാധിച്ചിരുന്നില്ല.
തുടര്‍ന്ന് നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിലാണ് പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തോ സ്ഥലത്തോ യുവതി എത്തിയിട്ടില്ലെന്ന് വ്യക്തമായത്. പരാതിക്കാര്‍ പറഞ്ഞ വീട്ടിലല്ല അവര്‍ അക്കാലയളവില്‍ താമസിച്ചിരുന്നതെന്നും പോലീസ് സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുവരുത്തി.
ഇതിനുപുറമെ, പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ വിശദമായ ഫോണ്‍ രേഖകളുടെ പരിശോധനയില്‍ കേസിന്റെ പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞു. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവും ഈ കുട്ടിയുടെ അമ്മയും തമ്മില്‍ ഈ കാലയളവില്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
യുവതിയെ കേസില്‍ കുടുക്കാന്‍ യുവാവും ആണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന് കൃത്യമായ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. ഇതിനായി സ്വന്തം മകനെപ്പോലും കരുവാക്കാന്‍ അമ്മ മടിച്ചില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.
സത്യം പുറത്തുവന്നതോടെ യുവതി നിരപരാധിയാണെന്ന് ബോധ്യപ്പെട്ട പോലീസ് കേസ് റദ്ദാക്കണമെന്ന അന്തിമ ശുപാര്‍ശയോടെ മൂവാറ്റുപുഴ പോക്സോ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പോലീസിന്റെ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ചാണ് കോടതി യുവതിക്കെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചത്.
വ്യാജ കേസില്‍പ്പെട്ട് ജീവിതം പ്രതിസന്ധിയിലായ യുവതിക്ക് പോലീസിന്റെ തുടരന്വേഷണം വലിയ ആശ്വാസമായി മാറി. അതോടൊപ്പം, കേസില്‍ കോടതിയിലെത്തിയ ശേഷം ഒരു പോക്സോ കേസ് പൂര്‍ണ്ണമായും വ്യാജമെന്ന് തെളിയിക്കപ്പെടുന്നത് ജില്ലയിലെ പോലീസ് അന്വേഷണ ചരിത്രത്തിലും അപൂര്‍വ്വ സംഭവമായി മാറി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഖിൽ ഉണ്ണിത്താനെ മർദിച്ച കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു





