തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന തൃശൂർ പൂരം കലക്കലിൽ പൊലീസിനെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമല്ലെന്നും തിരുവമ്പാടി ദേവസ്വത്തിന്റെ കടുപ്പമേറിയ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്നും എ.ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 16 മാസം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്.
വിവാദത്തിൽ ഉൾപ്പെട്ട എ.ഡി.ജി.പി അജിത് കുമാറിനെതിരെ റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തലിലുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നു എന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.
തിരുവമ്പാടി ദേവസ്വം ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തത് പ്രശ്നങ്ങൾ വഷളാക്കി. മുൻവർഷങ്ങളിലെ പൂരങ്ങൾക്കിടയിലും ദേവസ്വം പ്രതിനിധികൾ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.പൂരദിവസം പൊലീസിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതിനാൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ എ.ഡി.ജി.പി തല യോഗത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
ശബരിമല കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ; ജാമ്യം ലഭിക്കുന്നത് 41 ദിവസത്തിന് ശേഷം ; SIT-ക്ക് വന്‍ തിരിച്ചടി
തെരഞ്ഞെടുപ്പും വരാനിരിക്കുന്ന പൂരവും കണക്കിലെടുത്ത് വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കാൻ വൈകിയേക്കും. അതേസമയം, ദേവസ്വത്തെ പഴിചാരിക്കൊണ്ടുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായേക്കാം.







