ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജ്യം ഞെട്ടലോടെ നോക്കുന്നത് നടന് വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രകടനത്തിലേക്കാണ്. ഡിഎംകെയുടെ തുടര്‍ഭരണ പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്, വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. അമ്പരപ്പിക്കുന്ന ഈ പ്രവചനം ശരിയായാല്‍ തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാര്‍ട്ടികളുടെ അപ്രമാദിത്വം തകരുന്ന ചരിത്ര നിമിഷത്തിനാകും വോട്ടെണ്ണല്‍ ദിനം സാക്ഷ്യം വഹിക്കുക.
ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ടിവികെ ഭരണകക്ഷിയായ ഡിഎംകെയെ അട്ടിമറിച്ചേക്കാം. ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഒരു പാര്‍ട്ടി ഇത്ര വലിയ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. വിജയ് നേരിട്ട് മത്സരിച്ച പെരമ്പൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വലിയ വിജയസാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. വിജയ് തരംഗം ആഞ്ഞടിച്ചാല്‍ അത് ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ഒരുപോലെ തിരിച്ചടിയാകും.
മറ്റ് എക്സിറ്റ് പോളുകളില്‍ ഡിഎംകെയ്ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പീപ്പിള്‍സ് പള്‍സും പി മാര്‍ക്കും ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും വിജയ്യുടെ പാര്‍ട്ടി 26 സീറ്റുകള്‍ വരെ നേടി നിര്‍ണ്ണായക ശക്തിയാകുമെന്ന് അവര്‍ സമ്മതിക്കുന്നു. എന്നാല്‍ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം ശരിയായാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൂര്‍ണ്ണമായും മാറും. വിജയ്യുടെ നിലപാട് തമിഴ്നാടിന്റെ വിധി നിര്‍ണ്ണയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും തമിഴ്നാട്ടില്‍ വലിയ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. ടൈംസ് നൗ, സിഎന്‍എന്‍ തുടങ്ങിയ ഏജന്‍സികള്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. ഡിഎംകെ, എന്‍ഡിഎ, ടിവികെ എന്നീ മൂന്ന് ശക്തികള്‍ക്കിടയില്‍ വോട്ടുകള്‍ ഭിന്നിക്കുന്നത് ആര്‍ക്ക് തുണയാകുമെന്നത് പ്രവചനാതീതമാണ്.
കാമാഖ്യ അനലിറ്റിക്സ് പ്രകാരം വിജയ്യുടെ പാര്‍ട്ടി 81 സീറ്റുകള്‍ വരെ നേടി പ്രതിപക്ഷത്തെ പ്രധാനിയാകാന്‍ സാധ്യതയുണ്ട്. വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ തമിഴകത്തെ ‘ദളപതി’ രാഷ്ട്രീയത്തിലെയും ‘ചക്രവര്‍ത്തി’യാകുമോ എന്ന് കാത്തിരുന്ന് കാണാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് ഫോൺപേ തട്ടിപ്പ്: ജാഗ്രത നിർദ്ദേശവുമായി കേരള പോലീസ്





