കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലും പാര്‍ട്ടിയിലും മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. നിയമസഭയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും വിമത നീക്കത്തിന് പിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടിയിലും മമതയ്ക്കെതിരെയുള്ള കലാപം രൂക്ഷമാകുന്നതിന്റെ സൂചന നല്കി പാര്‍ട്ടിയുടെ ദേശീയ വക്താവും പ്രമുഖ രാജ്യസഭാംഗവുമായ സുസ്മിത ദേവ് രാജിവെച്ചു.
” പ്രധാനമന്ത്രി ഇനി ‘സേവാതീർത്ഥിൽ’; ചരിത്രം വഴിമാറി, സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ ആസ്ഥാനത്തേക്ക്!
ബുധനാഴ്ച തന്റെ രാജ്യസഭാംഗത്വവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും സുസ്മിത ഔദ്യോഗികമായി ഒഴിഞ്ഞു. ഈ ആഴ്ച മാത്രം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന എംപിയാണ് സുസ്മിത. ദിവസങ്ങള്‍ക്ക് മുന്‍പ് മമത ബാനര്‍ജിയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പുമായിരുന്ന സുഖേന്ദു ശേഖര്‍ റോയിയും പാര്‍ട്ടി വിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതനത്തിന്റെ കാരണങ്ങള്‍ തുറന്നടിച്ച് മമതയ്ക്ക് കടുത്ത ഭാഷയില്‍ കത്തയച്ചാണ് സുഖേന്ദു ശേഖര്‍ പാര്‍ലമെന്റില്‍ നിന്നും പടിയിറങ്ങിയത്. മുതിര്‍ന്ന നേതാക്കളുടെ തുടര്‍ച്ചയായ ഈ കൊഴിഞ്ഞുപോക്ക് ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ ആഘാതമായിരിക്കുകയാണ്.
അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് ലോക്സഭാ എംപിയായിരുന്ന സുസ്മിത ദേവ് 2021-ലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചുരുങ്ങിയ കാലം കൊണ്ട് പാര്‍ട്ടിയുടെ ദേശീയ മുഖമായി മാറിയ അവര്‍ക്ക് മമത ബാനര്‍ജി രാജ്യസഭാ സീറ്റ് നല്കി പാര്‍ലമെന്റിലേക്ക് അയക്കുകയായിരുന്നു. രാജ്യസഭാ ചെയര്മാന് സി.പി. രാധാകൃഷ്ണന് രാജി സമര്‍പ്പിച്ചതിന് പിന്നാലെ സുസ്മിത ഡല്‍ഹിയില്‍ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അസമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ അവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തന്റെ രാഷ്ട്രീയ ഭാവി ഇനി ബംഗാളിലല്ലെന്നും സ്വന്തം തട്ടകമായ അസമിലാണെന്നും, രാഷ്ട്രീയം എവിടെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ അവകാശമാണെന്നും സുസ്മിത ദേവ് രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബീഹാർ ഇനി ബിജെപി ഭരിക്കും! സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി; നിതീഷ് കുമാർ പടിയിറങ്ങി; ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രിമാർ
തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്പ്പിനെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭയിലെ ആകെയുള്ള 80 തൃണമൂല്‍ എംഎല്‍എമാരില്‍ 61 പേരും ഇതിനകം തന്നെ വിമത നേതാവായ റിതബ്രത ബാനര്‍ജിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെ നിയമസഭയില്‍ പ്രത്യേക ഗ്രൂപ്പായി സ്പീക്കര്‍ അംഗീകരിക്കുകയും റിതബ്രത ബാനര്‍ജിയെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പാര്‍ലമെന്റിലും പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണ്.
ലോക്സഭയിലെ ഇരുപതോളം തൃണമൂല്‍ എംപിമാര്‍ തങ്ങള്‍ക്ക് സഭയില്‍ പ്രത്യേക സീറ്റിംഗ് ക്രമീകരണം വേണമെന്ന് സ്പീക്കറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത് മമത ബാനര്‍ജിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എംപിമാരും നേതാക്കളും പാര്‍ട്ടി വിടുമെന്നാണ് സൂചന.






