പാലക്കാട്: ചിക്കമഗളൂരുവിലെ മാണിക്യധാരയില്‍ വിനോദയാത്രയ്ക്കിടെ മലയിടുക്കില്‍ വീണ് മരിച്ച കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് സംശയം. വീഴ്ചയില്‍ തലയുടെ വലതുഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 1500 അടി താഴ്ചയിലേക്ക് വീണപ്പോള്‍ ശരീരത്തിന്റെ അസ്ഥികള്‍ ഒടിയുകയും ഉടനീളം പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ റിപ്പോര്‍ട്ടിന്റെ മറവില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് നാടും ബന്ധുക്കളും. ആരെങ്കിലും ത്ള്ളിയിട്ടാലും സംഭവിക്കുന്നതാണ് ഇത്തരം മുറിവുകള്‍. എന്നാല്‍ ഇത് അന്വേഷിക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല.
അപകടമരണമെന്ന നിഗമനത്തിലാണ് ചിക്കമഗളൂരു പോലീസ് എങ്കിലും, ശ്രീനന്ദ മലയിടുക്കിലേക്ക് വീണ സാഹചര്യം ഇപ്പോഴും അവ്യക്തമാണ്. ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് പാറയ്ക്കടുത്ത് പോയി താഴേക്ക് നോക്കിയിരുന്നുവെന്നും ഒരിക്കല്‍ വിലക്കിയപ്പോള്‍ തിരികെ വന്ന കുട്ടി രണ്ടാമതും അവിടേക്ക് പോയതാകാം അപകടകാരണമെന്നുമാണ് ബന്ധുക്കളുടെ പ്രാഥമിക മൊഴി. എന്നാല്‍, ജനത്തിരക്കുള്ള ആ വ്യൂപോയിന്റില്‍ നിന്ന് കുട്ടി എങ്ങനെ വീണു എന്നതിലോ ആരെങ്കിലും തള്ളിയിടാന്‍ സാധ്യതയുണ്ടോ എന്നതിലോ കൃത്യമായ ഉത്തരം നല്‍കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അവിടെ ഒരു സിസിടിവി ക്യാമറയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ സുഹൃത്ത് പകര്‍ത്തിയ ഒരു സെല്‍ഫിയാണ് ശ്രീനന്ദയുടെ അവസാന ചിത്രം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ‘അസ്വാഭാവികതയില്ല’ എന്ന പരാമര്‍ശം അന്വേഷണത്തെ സ്വാധീനിക്കുമോ എന്നാണ് ഭയം. 1500 അടി താഴ്ചയുള്ള മലയിടുക്കില്‍ പാറകളിലും മരങ്ങളിലും തട്ടിയാകാം പരിക്കുകളുണ്ടായതെന്ന് പോലീസ് പറയുമ്പോഴും, ഈ വീഴ്ച സ്വയമേവ സംഭവിച്ചതാണോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ആവശ്യമാണ്.
ആശകള്‍ ബാക്കിവച്ച്, പ്രിയപ്പെട്ടവരെ തോരാക്കണ്ണീരിലാഴ്ത്തി ശ്രീനന്ദ യാത്രയായി. പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കെയായിരുന്നു ഈ വിയോഗം. ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെ ഐവര്‍മഠം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ‘അമ്മേടെ മുത്തേ… ഒന്നെണീക്ക് പൊന്നേ… കണ്ടുകൊതി തീര്‍ന്നില്ലല്ലോ മോളെ…’ എന്ന അമ്മ രോഹിണിയുടെ നിലവിളി കണ്ടുനിന്നവരുടെ ഉള്ളുലച്ചു. അച്ഛന്‍ രമേശും സഹോദരന്‍ സച്ചുവും മരവിച്ചിരിക്കുകയായിരുന്നു.
നാടിന്റെയാകെ പൊന്നോമനയായ ശ്രീനന്ദയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വി.കെ. ശ്രീകണ്ഠന്‍ എം.പി, കെ. പ്രേംകുമാര്‍ എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളും സഹപാഠികളും അധ്യാപകരും തേങ്ങലടക്കാന്‍ പാടുപെട്ടു. മൃതദേഹത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ പാലക്കാടിന്റെ കണ്ണീരും ഭാരതപ്പുഴയില്‍ അലിഞ്ഞു ചേര്‍ന്നു.
മാണിക്യധാരയിലെ മലമുകളില്‍ ഈ മാസം നാലിന് വൈകിട്ട് 5.20-നാണ് ശ്രീനന്ദയെ കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരമൊരു അപകടം ആ പ്രദേശത്ത് ഉണ്ടാകുന്നതെന്നാണ് പോലീസ് പറയുന്നത്. എങ്കിലും, മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും നീക്കാന്‍ സമഗ്രമായ അന്വേഷണം തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു പിഞ്ചുജീവന്‍ പൊലിഞ്ഞതിന് പിന്നിലെ യാഥാര്‍ത്ഥ്യം മറനീക്കി പുറത്തുവരേണ്ടതുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശസ്ത്രക്രിയ വേണ്ടിവന്നില്ല; യുവതിയുടെ മൂക്കില്‍ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേന പുറത്തെടുത്തു; ഇത് പട്ടിമറ്റത്തെ അപൂര്‍വ്വ രക്ഷാപ്രവര്‍ത്തനം





