സംഗീത മാന്ത്രികന്‍ എസ്.പി. വെങ്കിടേഷ് അന്തരിച്ചു! കിലുക്കവും സ്ഫടികവും ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് ഈണമിട്ട മലയാളികളുടെ പ്രിയ കലാകാരന്‍

മലയാള ചലച്ചിത്ര സംഗീത ലോകത്ത് സമാനതകളില്ലാത്ത ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ശുചിമുറിയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.1955-ല്‍ തമിഴ്നാട്ടില്‍ ജനിച്ച അദ്ദേഹം മാന്‍ഡലിന്‍ വിദഗ്ധനായ പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്.ഗിറ്റാറിസ്റ്റായി സംഗീത ലോകത്ത് എത്തിയ അദ്ദേഹം ശ്യാം, രവീന്ദ്രന്‍ എന്നീ പ്രതിഭകളുടെ സഹായിയായി പ്രവര്‍ത്തിച്ചു.

1985-ല്‍ ‘ജനകീയ കോടതി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.ഡെന്നിസ് ജോസഫിന്റെ രചനയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നല്‍കിയത്. 90-കളില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായി അദ്ദേഹം മാറി.

കിലുക്കം, സ്ഫടികം, മിന്നാരം, ധ്രുവം, ദേവാസുരം (പശ്ചാത്തല സംഗീതം), ഹിറ്റ്ലര്‍, ജോണി വാക്കര്‍, കൗരവര്‍, നാടോടി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങി നിരവധി സിനിമകള്‍.

1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.വെറും ഗാനങ്ങള്‍ മാത്രമല്ല, സിനിമയുടെ ആത്മാവ് തൊട്ടറിയുന്ന പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം വിസ്മയിപ്പിച്ചു. ‘സ്ഫടികം’, ‘ധ്രുവം’, ‘കിലുക്കം’ തുടങ്ങിയ സിനിമകളിലെ ബി.ജി.എം ഇന്നും സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശം പകരുന്നവയാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.