കായംകുളം: ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ മരണം പാമ്പുകടിയേറ്റതെന്നുതന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചേരാവള്ളി വടക്കേ തേപ്പിൽ സെലീനയുടെ (42) മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന തെളിവുകളാണ് പുറത്തുവന്നത്. ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളും ശരീരത്തിനുള്ളിൽ വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊറ്റുകുളങ്ങരയിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു സെലീന. മകൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി സെലീന പറയുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവസമയത്ത് സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ചികിത്സയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പാമ്പുകടിയേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആന്റി-വെനം നൽകാൻ കഴിയില്ലെന്നും അവർ നിലപാടെടുത്തിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ്.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. പാമ്പുകടിയേറ്റത് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായോ എന്നതിനെക്കുറിച്ചും, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ റിപ്പോർട്ട് വഴിവെച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയുടെ പ്രഥമഘട്ട ഇടപെടലിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.


കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി





