തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഒരുവിഭാഗം പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും തനിക്കെതിരെ ഉയരുന്ന രൂക്ഷമായ സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരായി സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന ബോധപൂര്‍വ്വമായ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് നടി രംഗത്തെത്തിയത്.
തന്നെ ‘അവതാരം’ എന്ന് വിളിച്ച് പരിഹസിക്കുന്നവര്‍ക്ക്, താന്‍ ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് റിനി ആന്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടായിരുന്നു നടിയുടെ ഈ പ്രതികരണം. ഒരു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ട് കൂവിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലര്‍ക്കും രേവന്ത് റെഡ്ഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോള്‍ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റിനി കുറിച്ചു.
ഇങ്ങനെ തന്നെയായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പരിഹസിച്ച നടി, ഇവരാണ് മാതൃകാ രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നും കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ റിനിക്കുനേരെ പന്തലില്‍ വെച്ച് ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കൂകിവിളിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാന്‍ നോക്കിയിട്ടും ഉയര്‍ന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനി എന്നായിരുന്നു അന്ന് റിനി കുറിച്ചിരുന്നത്.
അതേസമയം, റിനിയുടെ വി.ഐ.പി പ്രവേശനം കോണ്‍ഗ്രസിനുള്ളില്‍ വലിയ പുകിലിന് കാരണമായിട്ടുണ്ട്. റിനിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സത്യപ്രതിജ്ഞ നടക്കുന്ന പ്രധാന പന്തലിലേക്ക് പ്രവേശം ലഭിക്കാതിരുന്നപ്പോള്‍, പാര്‍ട്ടിക്കെതിരേ നിരന്തരം സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത റിനി ആന്‍ ജോര്‍ജ് എങ്ങനെ വി.ഐ.പി. പാസ് ഒപ്പിച്ചു അവിടെ കയറിക്കൂടിയെന്ന് വിജില്‍ മോഹന്‍ ചോദ്യം ചെയ്തു.
ഏതെങ്കിലും ഓഫീസില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കും അത്. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുന്മുഖ്യാമന്ത്രിമാര് അനുഭവിച്ചത് നമുക്ക് അറിയാമെന്നും, അധികാരമുള്ളപ്പോഴെല്ലാം ഇത്തരം അവതാരങ്ങള്‍ വരുമെന്നും വിജില്‍ മോഹന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഒരു പ്രമുഖ യുവനേതാവ് തന്നോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നുമുള്ള റിനി ആന്‍ ജോര്‍ജിന്റെ മുന്‍പത്തെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്ന ഒന്നാണ്. റിനിയുടെ ഈ നിര്‍ണായക വെളിപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നു മുന്‍ പാലക്കാട് എം.എല്‍.എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ നിയമനടപടികളും ലഹരി-അശ്ലീല കേസുകളും ഉയര്‍ന്നുവന്നത്.
ഇത് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ കടുത്ത അമര്‍ഷത്തിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കൂകിവിളിയും ഫ്ലക്സ്-സൈബര്‍ പോരുകളും രൂപപ്പെട്ടിരിക്കുന്നത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് നടി റിനി ആന്‍ ജോര്‍ജിന്റെ സാന്നിധ്യം വീണ്ടും എണ്ണയൊഴിച്ചിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം ; അമ്മക്കെതിരെ വധശ്രമത്തിന് കേസ്





