തിരുവനന്തപുരം : നടന് മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ ‘സഹായിക്കാന്‍’ പോയ മ്യൂസിയം പോലീസ് ഒടുവില്‍ സ്വയം കുരുക്കിലായി. പോലീസിനെ വെട്ടിലാക്കുന്ന നടന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് കടുത്ത അമര്‍ഷത്തിലാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള രക്തപരിശോധന 12 മണിക്കൂര്‍ വൈകിച്ചതിലൂടെ രാജു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയേറി. എന്നാല്‍, ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
അപകടം നടന്ന രാത്രി രാജുവിന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ ഔദ്യോഗിക വിശദീകരണം. എന്നാല്‍, പോലീസ് രാത്രി ബന്ധപ്പെട്ടിരുന്നുവെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാവിലെ സ്റ്റേഷനില്‍ വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചെന്നുമാണ് മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്. പോലീസിനെ പാടെ തള്ളുന്ന ഈ മൊഴി കമ്മീഷണറെ പ്രകോപിപ്പിച്ചിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് തന്നെ പണികൊടുക്കുന്ന മണിയന്‍പിള്ളയുടെ ശൈലി പോലീസിനുള്ളില്‍ തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
ഭരണപക്ഷത്തെ സ്വാധീനമുള്ള ഒരു പ്രവാസി വ്യവസായി രാജുവിനു വേണ്ടി പോലീസില്‍ ഉന്നതതല ഇടപെടല്‍ നടത്തിയതായാണ് സൂചന. അപകടത്തിന് പിന്നാലെ ഭയന്നുപോയ രാജു സുഹൃത്ത് ശാസ്തമംഗലം മോഹനെ വിളിച്ചിരുന്നു. പോലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നില്‍ നടന്ന അപകടമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ 12 മണിക്കൂര്‍ വൈകിയത് ബോധപൂര്‍വമാണെന്ന ആക്ഷേപം ശക്തമാണ്. ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതാക്കാന്‍ പോലീസും കൂട്ടുനിന്നോ എന്ന് ഡിസിപി വിനോദ് അന്വേഷിക്കും.
രക്തപരിശോധനാ ഫലം വരാന്‍ ഒരാഴ്ചയെടുക്കും. സമയം വൈകിയതിനാല്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുക പ്രയാസകരമാകും. 2024 മുതല്‍ മദ്യം തൊട്ടിട്ടില്ലെന്ന രാജുവിന്റെ വാദം ഇതോടെ കോടതിയില്‍ നിലനില്ക്കാന് ഇടയുണ്ട്. കേസില്‍ നിന്ന് രാജു തലയൂരുമെങ്കിലും കമ്മീഷണറെ തെറ്റിദ്ധരിപ്പിക്കുകയും പ്രതിയെ സഹായിക്കുകയും ചെയ്ത മ്യൂസിയം പോലീസിലെ പ്രമുഖര്‍ക്ക് വരും ദിവസങ്ങളില്‍ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഴിഞ്ഞത്തെ വിസ്മയം ലോകം കീഴടക്കി! സച്ചിന് തൊട്ടു; സഞ്ജു ഉദിച്ചു! കിവീസ് പടയെ തരിപ്പണമാക്കി മലയാളി മുത്ത്; ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടനായകനോ?





