പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളില്‍ മുഖ്യമന്ത്രി നടത്തിയ യാത്രകളിലാണ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടത്. പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടിയെന്നും ഏകോപനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ച പറ്റിയെന്നും ഇന്റലിജന്‍സ് മേധാവി ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് നാടകീയമായ സുരക്ഷാ പാളിച്ചകള്‍ ഉണ്ടായത്. മാര്‍ച്ച് 14, 19, 22 തീയതികളില്‍ നടന്ന യാത്രകളിലായിരുന്നു പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങള്‍. പൈലറ്റ് വാഹനത്തിന് പിന്നാലെ പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളില്‍ പാതിവഴിയില്‍ ഒറ്റപ്പെട്ടുപോയ സാഹചര്യം വരെയുണ്ടായെന്ന് റിപ്പോര്‍ട്ട് ഗൗരവത്തോടെ നിരീക്ഷിക്കുന്നു.
പൈലറ്റ് വാഹനങ്ങള്‍ കൃത്യമായ റൂട്ട് മാപ്പ് പിന്തുടരുന്നതില്‍ പരാജയപ്പെട്ടതാണ് പ്രധാന വീഴ്ചയായി കണക്കാക്കുന്നത്. ചിലയിടങ്ങളില്‍ പൈലറ്റ് വാഹനം വഴിതെറ്റി സഞ്ചരിച്ചതായും ഇതിനാല്‍ മുഖ്യമന്ത്രിയുടെ വാഹനം നിശ്ചയിച്ച റൂട്ടില്‍ നിന്ന് മാറി സഞ്ചരിക്കേണ്ടി വന്നതായും സൂചനയുണ്ട്. വിവിഐപി സുരക്ഷയില്‍ ഒഴിച്ചുകൂടാനാവാത്ത ‘റൂട്ട് ക്ലിയറന്‍സ്’ ഉറപ്പാക്കുന്നതില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍.
സെഡ് പ്ലസ് (ദ+) കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രകളില്‍ സെക്കന്‍ഡുകളുടെ വ്യത്യാസം പോലും വലിയ സുരക്ഷാ ഭീഷണിയായാണ് കണക്കാക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് പ്രകാരം റൂട്ട് ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പലയിടത്തും കൃത്യസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഇത് വാഹനവ്യൂഹത്തിന്റെ വേഗതയെയും ദിശയെയും ബാധിച്ചു.
മുഖ്യമന്ത്രിയുടെ വാഹനം സുരക്ഷാ വലയത്തിന് പുറത്തായി ഒറ്റപ്പെട്ടുപോയത് അതീവ ഗൗരവത്തോടെയാണ് ഇന്റലിജന്‍സ് കാണുന്നത്. കരിങ്കൊടി പ്രതിഷേധങ്ങളും മറ്റും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ വാഹനം റോഡില്‍ തനിയെ അകപ്പെടുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിതുറന്നേക്കാമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നിലവിലെ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് ഇന്റലിജന്‍സ് നിലപാട്.
വീഴ്ചകള്‍ അക്കമിട്ടു നിരത്തിക്കൊണ്ട് ഈ മാസം ഒന്നാം തീയതിയാണ് ഇന്റലിജന്‍സ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഡിഐജിമാര്‍ക്കും കത്തയച്ചത്. ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് കത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ സാധാരണയായി ഉണ്ടാകാറുള്ള കര്‍ശനമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും മലബാര്‍ മേഖലയിലെ യാത്രകളില്‍ എവിടെയാണ് പാളിയതെന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തിയേക്കും. പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക വിംഗും പ്രാദേശിക പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. റൂട്ട് നിശ്ചയിക്കുന്നതിലും അത് പൈലറ്റ് വാഹനത്തിന് കൃത്യമായി കൈമാറുന്നതിലും ഉണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വന്നേക്കും.
തിരക്കേറിയ ജംഗ്ഷനുകളിലും മറ്റും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുമ്പോള്‍ ട്രാഫിക് നിയന്ത്രിക്കുന്നതില്‍ ഉണ്ടായ അപാകതകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.