“ഒരു മന്ത്രി പോലും വിളിച്ചില്ല, എന്നെ സഹായിക്കാൻ ആർക്കും തോന്നിയില്ലല്ലോ; പറ്റുമെങ്കിൽ സർക്കാർ സഹായിക്കട്ടെ ,ജീവിതം വഴിമുട്ടി” ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട ശ്രീക്കുട്ടി

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ വർക്കലയിൽ വെച്ച്മദ്യപന്റെ ക്രൂരതയ്ക്ക് ഇരയായി റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ട ശ്രീക്കുട്ടി നീതിയും സഹായവും ലഭിക്കാതെ നരകിക്കുകയാണ് ഈ സംഭവം  നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സർക്കാർ  തന്നെ മറന്നുപോയെന്ന വേദന പങ്കുവെക്കുകയാണ് ശ്രീക്കുട്ടി. നിലവിൽ മഞ്ചേരിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ദീനസ്വരത്തിലുള്ള വാക്കുകൾ കേരളത്തിന്റെ മനസാക്ഷിയെ പൊള്ളിക്കുന്നതാണ്.
2025 നവംബർ രണ്ടിനാണ് കേരളത്തെ നടുക്കിയ ആ അക്രമം നടന്നത്. ട്രെയിനിൽ വെച്ച് മദ്യപൻ ചവിട്ടി താഴെയിട്ട ശ്രീക്കുട്ടിക്ക് ഗുരുതരമായ പരിക്കുകളാണ് ഏറ്റത്. മാസങ്ങളോളം ഐസിയുവിൽ കഴിഞ്ഞിട്ടും കാഴ്ചയും ചലനശേഷിയും പൂർണ്ണമായി വീണ്ടെടുക്കാൻ ആയിട്ടില്ല. “തിരുവനന്തപുരത്തെ ആശുപത്രിയിൽ കിടന്നത് ഓർമ്മയില്ല. അമൃതയിലെത്തിയപ്പോഴാണ് കണ്ണ് തുറന്നത്. ഇപ്പോൾ അഞ്ച് മാസം കഴിഞ്ഞു. ഫോണിൽ പോലും ഒരു മന്ത്രിയും എന്നെ വിളിച്ചിട്ടില്ല. അവർക്കെല്ലാം തിരക്കില്ലേ? എന്നെ കാണണമെന്ന് അവർക്ക് തോന്നുന്നില്ലല്ലോ. ഞാൻ എന്ത് പറയാനാണ്.”
 “ഓർമ്മകളെല്ലാം കുറെ നഷ്ടപ്പെട്ടു. കൂടെ പഠിച്ചവരെ ആരെയും ഓർമ്മയില്ല. ആദ്യം അമ്മയെപ്പോലും ഓർമ്മയുണ്ടായിരുന്നില്ല. ഇപ്പോൾ അമ്മയെ തിരിച്ചറിയാം. വാക്കറിൽ പിടിച്ച് നടക്കുമ്പോൾ കാൽമുട്ട് മടങ്ങുന്നില്ല, കടുത്ത വേദനയാണ്.” “കാഴ്ച ശരിയായിട്ടില്ല. എപ്പോഴും മഴക്കാറ് വന്നതുപോലെയാണ് കാണുന്നത്. എല്ലാവരെയും പോലെ നടക്കാനും കൈകൾ ചലിപ്പിക്കാനും എനിക്ക് ആഗ്രഹമുണ്ട്. പറ്റുമെങ്കിൽ എന്നെ സഹായിക്കണം. അല്ലെങ്കിൽ ഞാൻ മരിച്ചുപോയാൽ മരിച്ചുപോട്ടെ.”സർക്കാരിൽ നിന്ന് യാതൊരുവിധ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ പറയുന്നു. നിലവിലെ ആയുർവേദ ചികിത്സയുടെ ചിലവുകൾ കുടുംബം തന്നെയാണ് വഹിക്കുന്നത്. സഹായിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.