ജെ.പി. നഡ്ഡ പടിയിറങ്ങി ! ബിജെപിയില്‍ ഇനി നിതിന്‍ നബിന്‍ യുഗം! ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍; കേരളത്തിലെ ഒരു മുതിര്‍ന്ന നേതാവ് ഗവര്‍ണറാകും

ന്യൂഡല്‍ഹി : ബിജെപിയുടെ പതിനൊന്നാമത് ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. 45 വയസ്സുകാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്.

ഇന്നലെ നടന്ന പത്രികാ സമര്‍പ്പണത്തില്‍ നിതിന്‍ നബിന്റെ പേരില്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചതെന്ന് ദേശീയ റിട്ടേണിംഗ് ഓഫീസര്‍ ഡോ. കെ. ലക്ഷ്മണ്‍ അറിയിച്ചു. ഇതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം ജെ.പി. നഡ്ഡ ഇന്ന് പദവി ഒഴിയും. ബിഹാറില്‍ നിന്നുള്ള അഞ്ച് തവണ എം.എല്‍.എയായ നിതിന്‍ നബിന്‍, ബിഹാര്‍ സര്‍ക്കാരില്‍ റോഡ് നിര്‍മ്മാണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 15-നാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ജനുവരി 20-ന് പൂര്‍ണ്ണ ചുമതലയേല്‍ക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് അദ്ദേഹത്തിനായി പത്രികകള്‍ സമര്‍പ്പിച്ചത്.

പുതിയ അധ്യക്ഷന്റെ വരവോടെ ബിജെപിയുടെ ദേശീയ നേതൃത്വത്തിലും കേരള ഘടകത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം .പുതിയ ഭാരവാഹി പട്ടികയില്‍ കേരളത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഒരു ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും സെക്രട്ടറി സ്ഥാനവുമാണ് കേരളം പ്രതീക്ഷിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിലുണ്ട്.

നിലവിലെ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കും സെക്രട്ടറി അനില്‍ ആന്റണിക്കും പകരം പുതിയ മുഖങ്ങള്‍ വന്നേക്കാം. അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും അനില്‍ ആന്റണി പാര്‍ട്ടി വക്താവായും തുടര്‍ന്നേക്കും.

കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവിനെ ഗവര്‍ണര്‍ പദവിയിലേക്കും മറ്റൊരാളെ രാജ്യസഭയിലേക്കും പരിഗണിക്കാന്‍ സാധ്യതയുണ്ട്.2020 ജനുവരി 20-ന് അധ്യക്ഷനായി ചുമതലയേറ്റ ജെ.പി. നഡ്ഡ ആറ് വര്‍ഷത്തിന് ശേഷമാണ് പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ കാലാവധി 2024-ല്‍ അവസാനിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നീട്ടി നല്‍കുകയായിരുന്നു. നിലവില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.