പറ്റ്ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ സന്നാഹം കൂടുതല്‍ ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതിന് സമാനമായ നാല് റേഞ്ച് റോവര്‍ എസ്യുവികള് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 11.17 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റേഞ്ച് റോവര്‍ വാങ്ങാനുള്ള തീരുമാനം കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ എടുത്തത്. നിലവില്‍ തലസ്ഥാനത്തിന് പുറത്തുള്ള യാത്രകള്‍ക്കായി ബുള്ളറ്റ് പ്രൂഫ് ടാറ്റ സഫാരിയാണ് നിതീഷ് കുമാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് ഇത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള റേഞ്ച് റോവറിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
പട്ന നഗരത്തിനുള്ളിലെ യാത്രകള്‍ക്കായി നിതീഷ് കുമാര്‍ നിലവില്‍ ഹ്യുണ്ടായി അയോണിക് 5 എന്ന ഇലക്ട്രിക് വാഹനമാണ് ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലാണ് അദ്ദേഹം ഇത് തിരഞ്ഞെടുത്തത്.
ബുള്ളറ്റ് പ്രൂഫ് സജ്ജീകരണമുള്ള ടാറ്റ സഫാരിയാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങള്‍ എത്തുന്നതോടെ ഇവ വാഹനവ്യൂഹത്തില്‍ നിന്ന് മാറ്റിയേക്കും.11 കോടിയിലധികം രൂപ ചിലവഴിച്ചുള്ള ഈ മാറ്റത്തിനെതിരെ പ്രതിപക്ഷം വന്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.


ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി; അക്കൗണ്ടിലെ മാറ്റങ്ങൾ ഉടമയെ അറിയിക്കണം.





