പാലക്കാട്: നാടിനെയാകെ വിറപ്പിക്കുകയും നടുക്കുകയും ചെയ്ത നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പ്രോസിക്യൂഷനും ഡിഫൻസ് കൗൺസിലും തമ്മിൽ നടത്തിയ ദീർഘമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകുവാൻ കോടതി തീരുമാനിച്ചത്.
മുൻപ് വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയ സമയത്ത് താൻ ഗാന്ധിയൊന്നുമല്ലെന്നും ഇനിയും പ്രശ്നത്തിന് വന്നാൽ ആരെയും വെറുതെ വിടില്ലെന്നും ചെന്താമര പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പ്രതിയുടെ ഈ പെരുമാറ്റം ചൂണ്ടിക്കാട്ടി മാനസികാസ്വാസ്ഥ്യത്തിന്റെ ആനുകൂല്യം നേടാനുള്ള ശ്രമങ്ങളെ പ്രോസിക്യൂഷൻ കൃത്യമായി പ്രതിരോധിച്ചു. തുടർന്ന് നടത്തിയ വിശദമായ മാനസികാരോഗ്യ പരിശോധനകളിൽ ചെന്താമരയ്ക്ക് യാതൊരുവിധ സൈക്യാട്രിക് അല്ലെങ്കിൽ സൈക്കോളജിക്കൽ പ്രശ്നങ്ങളുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും കോടതി ഇത് പൂർണ്ണമായി അംഗീകരിക്കുകയും ചെയ്തു.
കേസിലെ വാദത്തിനിടെ, കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തിൽ പ്രതി കുറ്റബോധം പ്രകടിപ്പിച്ചതായി ഡിഫൻസ് കൗൺസിൽ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് തേടിയെങ്കിലും, ഇത്തരം ഒരു കുറ്റവാളിയിൽ യഥാർത്ഥ മാനസാന്തരത്തിന് യാതൊരു സാധ്യതയുമില്ലെന്ന് കോടതി വിലയിരുത്തി. ഇരകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ചെന്താമര ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. മുൻപ് മറ്റൊരു കേസിൽ ലഭിച്ച ജാമ്യ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി പുറത്തിറങ്ങിയ പ്രതി വീണ്ടും കൊലപാതകങ്ങൾ നടത്താൻ ഉയർന്ന സാധ്യതയുള്ളയാളാണെന്ന ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി വിധിയിൽ നിർണ്ണായകമായി.
കേരളത്തിൽ കനത്ത മഴക്ക് സാധ്യത ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
സമൂഹത്തിന് നിരന്തരം ഭീഷണിയാകുന്ന കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകാം എന്ന വിവിധ ഹൈക്കോടതികളുടെ മുൻവിധികളും, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രതിയിൽ നിന്ന് ഇപ്പോഴും നേരിടുന്ന കടുത്ത ജീവഭീഷണിയും കോടതി കണക്കിലെടുത്തു. കുറ്റവാളികൾക്ക് ഭാവി ജീവിതത്തിന് അവസരം നൽകണമെന്ന സാമാന്യ തത്വം പരിഗണിക്കുമ്പോഴും, ചെയ്ത ക്രൂരതയിൽ ലേശം പോലും കുറ്റബോധമില്ലാത്ത ഇത്തരം ഒരു പ്രതി സമൂഹത്തിൽ സ്വതന്ത്രനായി തുടരുന്നത് അതീവ അപകടകരമാണെന്ന വിലയിരുത്തലിലാണ് കോടതി ചെന്താമരയെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്.


നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു; ബിജെപിക്ക് മൂന്ന് വോട്ട്



