കൊല്ലം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാത്തന്നൂര്‍ പോരാട്ടത്തില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ട് ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ കേരള നിയമസഭയിലേക്ക്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ചാത്തന്നൂരില്‍ സിറ്റിംഗ് എംഎല്‍എയും സിപിഐ നേതാവുമായ ആര്. രാജേന്ദ്രനെ അട്ടിമറിച്ചാണ് ഗോപകുമാര്‍ താമര വിരിയിച്ചത്. 4002 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നേടിയ ഈ വിജയം കേരളത്തിലെ ബിജെപി രാഷ്ട്രീയത്തില്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒ. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന ബിജെപി പ്രതിനിധിയെന്ന നിലയില്‍ ബി.ബി. ഗോപകുമാര്‍ കാവിപ്പടയുടെ പുതിയ ‘കേരള ഹീറോ’യായി മാറിയിരിക്കുന്നു.
കഴിഞ്ഞ രണ്ട് തവണ പരാജയപ്പെട്ടിട്ടും മണ്ഡലം കൈവിടാതെ വോട്ടര്‍മാര്‍ക്കിടയില്‍ സജീവമായി നിന്ന ഗോപകുമാറിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരമാണ് ഈ ജനവിധി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതല്‍ തന്നെ ബിജെപി കാട്ടിയ വ്യക്തമായ ആധിപത്യം ഒടുവില്‍ വിജയത്തിലെത്തുകയായിരുന്നു. ചാത്തന്നൂരിലെ കശുവണ്ടി തൊഴിലാളികളുടെയും തീരദേശവാസികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെട്ടിരുന്ന ഗോപകുമാറിനെ ജനങ്ങള്‍ നെഞ്ചേറ്റിയെന്ന് ഫലം വ്യക്തമാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ കുതിച്ചുചാട്ടം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
കൊല്ലം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ആദ്യമായി താമര വിരിഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ വലിയ ആഘോഷത്തിലാണ്. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും ബിജെപി തങ്ങള്‍ക്ക് അനുകൂലമായി മാറ്റുകയായിരുന്നു. ബി.ബി. ഗോപകുമാര്‍ മണ്ഡലത്തില്‍ നടത്തിയ നിശബ്ദ വിപ്ലവമാണ് ഇപ്പോള്‍ വിജയമായി പുറത്തുവരുന്നത്. നേമത്തും ബിജെപി ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ ബിജെപിയുടെ സാന്നിധ്യം ഇത്തവണ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഉറപ്പായി. ചുവപ്പന്‍ കോട്ടകള്‍ തകര്‍ത്ത് താമര വിരിയിച്ച ഗോപകുമാറിന്റെ വിജയം വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
ബിജെപിയുടെ കേരളത്തിലെ ഏറ്റവും കരുത്തുറ്റ സംഘാടകരില്‍ ഒരാളാണ് ബി.ബി. ഗോപകുമാര്‍. നിലവില്‍ ബിജെപി കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പാര്‍ട്ടിക്ക് ജില്ലയില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഗോപകുമാര്‍ എബിവിപിയുടെയും യുവമോര്‍ച്ചയുടെയും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്‍പും മത്സരിച്ച അദ്ദേഹം ഓരോ തവണയും വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ച് പാര്‍ട്ടിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നു.
കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന ഗോപകുമാര്‍ കൊല്ലത്തെ സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം മികച്ചൊരു പ്രസംഗകന് കൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഏറ്റവുമധികം വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഗോപകുമാര്‍ ഇത്തവണ ആ മുന്നേറ്റം വിജയമാക്കി മാറ്റുകയായിരുന്നു. ലളിതമായ ജീവിതശൈലിയും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും അദ്ദേഹത്തെ ചാത്തന്നൂരിലെ വോട്ടര്‍മാരുടെ പ്രിയങ്കരനാക്കി മാറ്റി. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഗോപകുമാര്‍ ഇന്ന് വൈകുന്നേരം റോഡ് ഷോ നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; സിസാ തോമസിന് അധിക ചുമതല





