തിരുവനന്തപുരം: നിയമസഭയില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നതിനെ ചൊല്ലി ബിജെപിയില്‍ കടുത്ത ആഭ്യന്തര തര്‍ക്കം പുകയുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നിയമസഭാ കക്ഷി നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് ബിജെപി പാളയത്തില്‍ ഭിന്നത പരസ്യമായത്. എന്നാല്‍, സഭയിലെ ഒന്നാമന്റെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. നിയമസഭയില്‍ പാര്‍ട്ടിയുടെ ശബ്ദമാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ വി. മുരളീധരനാണെന്ന വാദം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുമ്പോഴും, മുന്‍സീറ്റില്‍ നിന്ന് മാറിനില്ക്കാന് രാജീവ് ചന്ദ്രശേഖറിന് മടിയാണെന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരുള്ള ബിജെപിയില്‍, നേതാവിനെ നിശ്ചയിക്കാനാകാതെ തര്‍ക്കം ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്.
കേരള നിയമസഭയുടെ ചരിത്രവും കീഴ്വഴക്കങ്ങളും കൃത്യമായി അറിയാവുന്ന, ഒട്ടനവധി പ്രക്ഷോഭങ്ങളിലൂടെ കടന്നുവന്ന വി. മുരളീധരന് നിയമസഭാ കക്ഷി നേതാവാകണമെന്നാണ് പാര്‍ട്ടിയിലെ ഒരു പ്രമുഖ വിഭാഗം ആവശ്യപ്പെടുന്നത്. ഭരണപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ സഭയ്ക്കുള്ളില്‍ കൃത്യമായി പ്രതിരോധിക്കാനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ അവതരിപ്പിക്കാനും മുരളീധരന്റെ പരിചയസമ്പത്ത് അനിവാര്യമാണെന്നാണ് ഇവരുടെ വാദം. പാര്‍ലമെന്ററി കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് സഭയിലെ ബിജെപിയുടെ പ്രകടനത്തെ വന്‍തോതില്‍ സഹായിക്കുമെന്നും അണികള്‍ കണക്കുകൂട്ടുന്നു.
എന്നാല്‍, വി. മുരളീധരന് നിയമസഭാ കക്ഷി നേതാവായാല്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുമെന്ന ഭയമാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തിനുള്ളത്. സംസ്ഥാന അധ്യക്ഷന്‍ സഭയിലുള്ളപ്പോള്‍ മറ്റൊരു നേതാവ് കക്ഷി നേതൃത്വത്തിലേക്ക് വരുന്നത് പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധ്യക്ഷന്മാര് തന്നെയാണ് നിയമസഭയിലും പാര്‍ട്ടിയെ നയിക്കുന്നതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, സഭയ്ക്കുള്ളിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തനായ വി. മുരളീധരനെ മുന്‍നിരയില്‍ നിര്‍ത്തണമെന്ന ആവശ്യത്തില്‍ മുരളി അനുകൂലികള്‍ ഉറച്ചുനില്‍ക്കുകയാണ്.
സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇരുനേതാക്കളും നിലപാടില്‍ നിന്ന് മാറാന്‍ തയാറാകാത്തതോടെയാണ് വിഷയം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരുടെ ബലത്തില്‍ എത്തിയ ബിജെപിക്ക്, സഭയ്ക്കുള്ളിലെ മികച്ച പ്രകടനം വരും നാളുകളില്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ, തര്‍ക്കങ്ങള്‍ ഒഴിവാക്കി സഭയില്‍ പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിക്കാന്‍ കെല്‍പ്പുള്ള ആളെത്തന്നെ കേന്ദ്രം നിശ്ചയിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര നിരീക്ഷകര്‍ തിരുവനന്തപുരത്തെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരും; പക്ഷേ യോഗങ്ങള്‍ക്ക് വരേണ്ടെന്ന് സിപിഎം ‘പരോക്ഷ’ വിലക്ക്




