മുംബൈ: ലതാ മങ്കേഷ്കര്‍ എന്ന വാനമ്പാടിക്ക് പിന്നാലെ അനുജത്തി ആശാ ഭോസ്ലെയും മടങ്ങുമ്പോള്‍ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. എട്ടു പതിറ്റാണ്ട് കാലം ഇന്ത്യയുടെ വിവിധ ഭാഷകളില്‍ 12,500-ലധികം ഗാനങ്ങള്‍ ആലപിച്ച ആശയുടെ ജീവിതം പൂമെത്തയായിരുന്നില്ല. പകരം, കല്ലും മുള്ളും നിറഞ്ഞ കനല്‍വഴികളിലൂടെയുള്ള ഒരു അതിജീവന യാത്രയായിരുന്നു അത്.
തന്റെ 16-ാം വയസ്സില്‍ ചേച്ചി ലതാ മങ്കേഷ്കറുടെ സെക്രട്ടറിയായിരുന്ന ഗണപത് റാവു ഭോസ്ലെയുമായി പ്രണയത്തിലായതാണ് ആശയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. കുടുംബത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് നടന്ന ആ വിവാഹം ലതയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തി. ഏറെക്കാലം സഹോദരിമാര്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാല്‍ ആ ദാമ്പത്യം ആശയ്ക്ക് സമ്മാനിച്ചത് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളായിരുന്നു. ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വന്ന ദുരവസ്ഥയില്‍ നിന്നാണ് 1960-ല്‍ മൂന്ന് മക്കളുമായി അവര്‍ ആ ബന്ധം ഉപേക്ഷിച്ചത്.
സംഗീത സംവിധായകന് ആര്.ഡി ബര്‍മനുമായുള്ള (പഞ്ചം ദാ) സൗഹൃദമാണ് ആശയുടെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ചത്. 1980-ല്‍ അവര്‍ വിവാഹിതരായി. ഇന്ത്യന്‍ സിനിമയില്‍ വെസ്റ്റേണ്‍ സംഗീതത്തിന്റെ ചടുലത കൊണ്ടുവന്ന ഈ കൂട്ടുകെട്ട് എണ്ണമറ്റ ഹിറ്റുകള്‍ സമ്മാനിച്ചു. പ്രായത്തില്‍ തന്നെക്കാള്‍ ആറ് വയസ്സ് കുറവായിരുന്നിട്ടും ബര്മന് ആശയ്ക്ക് നല്കിയ പിന്തുണ വലുതായിരുന്നു. എന്നാല്‍ 1994-ല്‍ ബര്‍മന്റെ അകാല മരണം ആശയെ വീണ്ടും ഏകാന്തതയിലേക്ക് തള്ളിവിട്ടു.
ജീവിതത്തിലെ ഏറ്റവും വലിയ ആഘാതങ്ങള്‍ ആശയെ തേടിയെത്തിയത് മക്കളുടെ രൂപത്തിലായിരുന്നു. 2012-ല്‍ മകള്‍ വര്‍ഷ ഭോസ്ലെ മരിച്ചത് ആശയെ തളര്‍ത്തി. ആ വേദന മാറും മുന്‍പേ 2015-ല്‍ മൂത്ത മകന് ഹേമന്ത് ഭോസ്ലെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. രണ്ട് കണ്മുന്നില് മക്കളുടെ വിയോഗം കണ്ടുനില്‍ക്കേണ്ടി വന്നിട്ടും തന്റെ പാട്ടുകളിലൂടെ അവര്‍ ആ വേദനയെ അതിജീവിച്ചു.
ക്ലാസിക്കല്‍ പാട്ടുകളില്‍ ലത തിളങ്ങുമ്പോള്‍, കാബറെയും പോപ്പും നാടന്‍ പാട്ടുകളും ഒരേ ലയത്തോടെ പാടി ആശ തന്റെ തട്ടകം ഉറപ്പിച്ചു. മീന കുമാരി മുതല്‍ ഉര്‍മിള മാതോണ്ട്കര്‍ വരെയുള്ള തലമുറകള്‍ക്കായി അവര്‍ പാടി.
ലത മങ്കേഷ്കര്‍ മടങ്ങി നാലു വര്‍ഷം തികയുമ്പോഴാണ് ആശാ ഭോസ്ലെയും കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നത്. റെക്കോര്‍ഡുകള്‍ക്കും അപ്പുറം, ഒരു സ്ത്രീയുടെ തളരാത്ത പോരാട്ടവീര്യത്തിന്റെ അടയാളമായി ആശാ ഭോസ്ലെയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മലയാള സിനിമയിൽ ചരിത്രം രചിക്കാൻ ‘; ‘പേട്രിയറ്റ്’ ട്രെയ്ലർ ലോഞ്ച് ഏപ്രിൽ 4-ന് ; ഫാൻസിനൊപ്പം കൊച്ചിയിൽ മോഹൻലാൽ തൃശൂരിൽ മമ്മൂട്ടി





