ആവേശം കൊടുമുടിയിൽ; കേരളത്തിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണം; വ്യാഴാഴ്ച വിധിദിനം

തിരുവനന്തപുരം: ആഴ്ചകൾ നീണ്ട വാശിയേറിയ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശത്തോടെ ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇനി 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെ വേള. വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ, അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി ഉത്സവലഹരിയിലായിരുന്നു സംസ്ഥാനത്തുടനീളം നടന്ന കൊട്ടിക്കലാശം.
ഇന്ന് രാവിലെ മുതൽ തന്നെ സ്ഥാനാർത്ഥികൾ റോഡ് ഷോകളും ശക്തിപ്രകടനങ്ങളുമായി മണ്ഡലങ്ങളിൽ സജീവമായിരുന്നു. പ്രമുഖ നേതാക്കളെ അണിനിരത്തി വമ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഓരോ മുന്നണിയും കരുത്ത് തെളിയിച്ചത്. പ്രധാന നഗരങ്ങളിലെല്ലാം ട്രാഫിക് നിയന്ത്രണങ്ങളെപ്പോലും നോക്കുകുത്തിയാക്കി ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടങ്ങളിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.ആലപ്പുഴയിൽ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി.കളമശ്ശേരി, തോപ്പുപടി, തൃത്താല തുടങ്ങിയ സ്ഥലങ്ങളിലും ചെറിയ തോതിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത ശക്തമാക്കി
.നാളെ സ്ഥാനാർത്ഥികൾ വീടുകൾ നേരിട്ടെത്തി വോട്ടർമാരെ കാണുന്ന നിശബ്ദ പ്രചാരണത്തിലേക്ക് കടക്കും. പരസ്യമായ പ്രകടനങ്ങൾക്കോ അനൗൺസ്‌മെന്റുകൾക്കോ ഇനി അനുമതിയില്ല. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതൽ കേന്ദ്രങ്ങളിൽ ആരംഭിക്കും. കള്ളവോട്ട് തടയാൻ വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ബൂത്തുകളിൽ പൂർത്തിയായി വരുന്നു. ക്രമസമാധാന പാലനത്തിനായി കേരള പോലീസിനൊപ്പം കേന്ദ്ര സേനയെയും വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി.വിവാദങ്ങളും വെളിപ്പെടുത്തലുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.