വാഷിംഗ്ടൺ: കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് മാർപാപ്പയെ കടന്നാക്രമിച്ചത്. ഇറാനും നാറ്റോയ്ക്കും എതിരെ കടുത്ത പരാമർശങ്ങൾ ഉൾപ്പെട്ടതാണ് ട്രംപിന്റെ പുതിയ പോസ്റ്റ്.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികളെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുഎസ് പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇറാൻ ഭരണകൂടം നിരപരാധികളായ 42,000 പേരെ കൊന്നൊടുക്കിയെന്ന് മാർപാപ്പയോട് ആരെങ്കിലും പറയുമോ എന്നാണ് ട്രംപിന്റെ ചോദ്യം. എന്നാൽ ഈ കണക്കിന്റെ ഉറവിടം ഇപ്പോഴും വ്യക്തമല്ല.ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ട്രംപ് ആവർത്തിച്ചു. നാറ്റോ സഖ്യം ഒരിക്കലും അമേരിക്കയ്ക്കൊപ്പം നിന്നിട്ടില്ലെന്നും ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ട്രംപ് പരിഹസിച്ചു.
ട്രംപ് ഉന്നയിക്കുന്ന 42,000 എന്ന മരണസംഖ്യ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.ജനുവരിയിലെ പ്രതിഷേധങ്ങളിൽ 3,117 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ വാദം. രാജ്യത്തിന് പുറത്തുള്ള സംഘടനകൾ മരണസംഖ്യ 7,007 ആണെന്ന് പറയുമ്പോൾ, യുഎൻ റിപ്പോർട്ടുകൾ പ്രകാരം ഇത് 20,000 വരെയാകാം. 42,000 എന്ന കണക്കിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഇറാൻ ആണവായുധം നിർമ്മിക്കുന്നതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് യുഎന്നിന്റെ ആണവ നിരീക്ഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കും; അസാധാരണ വാര്‍ത്ത സമ്മേളനവുമായി ട്രംപ്; ഇന്നു രാത്രി നിര്‍ണ്ണായകം
മാർപാപ്പയ്ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്വയം ക്രിസ്തുവായി ചിത്രീകരിച്ചുള്ള എഐ ചിത്രം ട്രംപ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ ക്രൈസ്തവ ലോകത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. സമാധാനത്തിന് വേണ്ടിയുള്ള തന്റെ ശബ്ദം തുടരുമെന്നും ട്രംപുമായി വാഗ്വാദത്തിനില്ലെന്നുമാണ് മാർപാപ്പ ഇതിനോട് പ്രതികരിച്ചത്.


യുദ്ധഭീതിയില്‍ നിന്ന് നയതന്ത്രത്തിലേക്ക്: ഇറാന്റെ പത്തിന സമാധാന പദ്ധതിയും അമേരിക്കയുടെ പിന്‍വാങ്ങലും; പശ്ചിമേഷ്യയില്‍ സംഭവിച്ചത്





