തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ അധികൃതര്‍ കാട്ടിയ ആ അലംഭാവത്തിന് കേരളം നല്‍കേണ്ടി വന്ന വില എട്ടു വയസ്സുകാരന് ദിക്ഷലിന്റെ ജീവനായിരുന്നു.
പാമ്പ് കടിയേറ്റെന്ന സംശയവുമായി ആശുപത്രിയിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും പരിഹസിച്ചു സമയം കളഞ്ഞ ജീവനക്കാര്‍ക്കെതിരെ നാടാകെ പ്രതിഷേധം പുകയുകയാണ്. ‘മൂങ്ങയാണോ കടിച്ചതെന്ന്’ ചോദിച്ച് ജീവനക്കാര്‍ തമാശ പറഞ്ഞപ്പോള്‍ നഷ്ടമായത് വിലപ്പെട്ട മിനിറ്റുകളായിരുന്നു. കൃത്യസമയത്ത് ആന്റി വെനം നല്കിയിരുന്നുവെങ്കില് ആ രണ്ടാം ക്ലാസുകാരന് ഇന്നും നമുക്കിടയില്‍ ഉണ്ടായേനെ.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അഴൂര്‍ മൂലേല് വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷലിന് ഉറക്കത്തിനിടെ പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭീകരമായ അനുഭവമാണ് കുടുംബത്തിന് ഉണ്ടായതെന്ന് പിതാവ് ദിലീപ് പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയെ തൊട്ടുപോലും നോക്കാന്‍ തയ്യാറായില്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കുട്ടി കരഞ്ഞു പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ നിസ്സംഗത തുടര്‍ന്നു.
പത്ത് മിനിറ്റോളം ആശുപത്രിയില്‍ പാഴാക്കിയതല്ലാതെ ആന്റി വെനമോ പ്രാഥമിക ചികിത്സയോ ഉറപ്പാക്കാന്‍ അധികൃതര്‍ മുതിര്‍ന്നില്ല. ഒടുവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും പോകുന്ന വഴിക്കുതന്നെ ദിക്ഷല്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലും, ഉറപ്പുള്ളൊരു ഭിത്തിയോ സുരക്ഷിതമായ വീടോ ഇല്ലാത്തതിനാല്‍ ഒരു കുരുന്നു ജീവന് കൂടി ഇഴജന്തുക്കള്‍ക്ക് ഇരയായിരിക്കുന്നു.
വീടിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പാണ് ദിക്ഷലിനെ കടിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. വിവാദത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിജയക്കൊടി പാറിച്ച് ഒരു സാധാരണക്കാരി; മാതൃകയാവുന്ന നിശ്ചയദാര്‍ഢ്യം; പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ





