തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള് തുടര്‍ച്ചയാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചിറയിന്‍കീഴില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരന് പാമ്പുകടിയേറ്റ് മരിച്ചു. അഴൂര്‍ സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന് ദില്ഷന് ആണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പാമ്പുകടി മരണമാണിത്.
തെക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദേശം
വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ദില്‍ഷന്റെ കാലില്‍ എന്തോ കടിക്കുന്നത് പോലെ തോന്നി കുട്ടി ഉണരുകയായിരുന്നു. വേദന കൊണ്ട് കരഞ്ഞ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കുട്ടി ഉറങ്ങിക്കിടന്ന മുറിയില്‍ നിന്ന് തന്നെ ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വേനല്‍ കടുത്തതോടെ തണുപ്പ് തേടി പാമ്പുകള്‍ ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും ഇറങ്ങുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റ് ഒരു മരണം സംഭവിച്ചിരുന്നു. തുടര്‍ച്ചയായ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.


തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു





