ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെന്ന വ്യാജേന എത്തിയ വ്യാപാരി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പോലീസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ വിശദമായ മൊഴി കായംകുളം ഡിവൈഎസ്പി ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. പ്രതി സിനില്‍ സവാദ് യുവതിയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായും മൊഴിയിലുണ്ട്.
അപകടത്തില്‍ കാലിനും തോളെല്ലിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തില്‍ വെച്ചാണ് സിനില്‍ സവാദ് അതിക്രമം കാട്ടിയത്. ഇതേ ആശുപത്രിയിലേക്ക് പിന്തുടര്‍ന്നെത്തിയ പ്രതി, സംഭവം പുറത്തുപറയരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഉടന്‍ ഡിസ്ചാര്‍ജ് വാങ്ങി കൊല്ലത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയതായി യുവതി മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.
പോലീസ് കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്ത് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തി. അപകടത്തില്‍പ്പെട്ട യുവതിയുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കേസ് അട്ടിമറിക്കാനാണ് പ്രതിയും സംഘവും ശ്രമിച്ചത്. എന്നാല്‍, ചികിത്സയ്ക്കിടെ ഡോക്ടറോടും ആശുപത്രി ജീവനക്കാരോടും യുവതി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വ്യാപാരിയുടെ പൈശാചിക മുഖം പുറംലോകമറിഞ്ഞത്. ഇയാള്‍ ഒളിവിലാണ്. കണ്ടെത്താനും ശ്രമിക്കും.
കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് പോലീസ് തീരുമാനം. ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും. യുവതിയുടെ വൈദ്യപരിശോധന തിരുവനന്തപുരത്ത് നടന്നു. ഡോക്ടര്‍മാരും ദൃക്‌സാക്ഷികളും ഉള്‍പ്പെടെ 12 പേരുടെ മൊഴി പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തെയും ആശുപത്രിയിലെയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
തിരുവനന്തപുരത്തെ ഐടി ജീവനക്കാരിയായ കൊല്ലം സ്വദേശിനിക്കാണ് മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ഏപ്രില്‍ മൂന്നിന് കായംകുളം കെപിഎസി ജങ്ഷനില്‍ വെച്ച് ദുരനുഭവം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകനായി എത്തിയ വ്യാപാരിയുടെ ഈ ക്രൂരത കേരളാ പോലീസിനെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവമുള്ള കേസായാണ് പരിഗണിക്കപ്പെടുന്നത്. ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കണ്ണാടി ഷാജിയെ തീര്‍ത്ത അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രമുഖന്; ഒഡീഷയില്‍ ഹാഷിഷ് ഫാക്ടറിയുമായി ‘കഞ്ചാവ് സിന്‍ഡിക്കേറ്റ്’ കെട്ടിപ്പടുത്തത് മാഫിയാ ഡോണാകാന്‍; നന്തന്‍കോട് അലന് രാജിനെ പൂട്ടി ഒഡീഷാ പോലീസ്; ഇതൊരു മലയാളി ക്രിമിനലിന്റെ കഥ





