സിറ്റി പോലീസ് കമ്മീഷണറുടെ വീടിന് അടുത്ത് പട്ടാപകല്‍ കൊലപാതകം; കുടിപ്പക പടരാതെ തടഞ്ഞ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ ചടുല നീക്കം; മാധ്യമ ഡ്രൈവറില്‍ നിന്ന് കൊടും ക്രിമിനലായ പ്രദീപ്; പാല്‍ക്കുളങ്ങരയിലെ പ്രതികാരം ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച പാല്‍ക്കുളങ്ങര ചമ്പക്കടയിലെ വിശാഖ് വധക്കേസില്‍ മിന്നല്‍ വേഗത്തില്‍ നടപടിയെടുത്ത് പ്രതികളെ കസ്റ്റഡിയിലാക്കി തിരുവനന്തപുരം സിറ്റി പോലീസ്. പ്രദേശത്ത് വലിയൊരു ഗുണ്ടാ കുടിപ്പകയോ ക്രമസമാധാന തകര്‍ച്ചയോ ഉണ്ടാകാതിരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ ഐ.പി.എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മിന്നല്‍ അന്വേഷണം നടന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയുടെ കുടുംബവീടിന് കേവലം 200 മീറ്റര്‍ മാത്രം അകലെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് നടുറോഡില്‍ ക്രൂരമായ രക്തച്ചൊരിച്ചില്‍ നടന്നത്. പണ്ട് സി.പി.ഐ.എം നേതാവായിരുന്ന വി.വി. വിഷ്ണുവിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലെ സംഭവസ്ഥലത്തു നിന്നും ഏതാണ്ട് 500 മീറ്റര്‍ മാത്രം അകലെയായിരുന്നു പാല്‍ക്കുളങ്ങരയിലെ ഈ അക്രമവും. ഈ കൊലപാതകം നടന്ന പ്രദേശത്തെ വീട്ടിലിരുന്നാണ് എം.ബി.ബി.എസും എം.ഡി ബിരുദവുമുള്ള അരുള്‍ ബി. കൃഷ്ണ ഡോക്ടറായി പണ്ട് പ്രാക്ടീസ് ചെയ്തിരുന്നത്.
തന്റെ സ്വന്തം തട്ടകത്തിന് തൊട്ടടുത്ത് നടന്ന അക്രമത്തില്‍ നഗരത്തിലെ ശാന്താന്തരീക്ഷം തകരാതിരിക്കാന്‍ സമാനതകളില്ലാത്ത ജാഗ്രതയാണ് കമ്മീഷണറും സംഘവും പുലര്‍ത്തിയത്. വി.വി. വിഷ്ണു വധത്തിന്റെ ഭീതിദമായ ഓര്‍മ്മകള്‍ നഗരത്തിലുളളതിനാല്‍ തൊട്ടടുത്ത പേട്ട ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ഗുണ്ടാ കുടിപ്പകയും വലിയ സംഘര്‍ഷവും പടരാതിരിക്കാന്‍ പോലീസ് സേനയെ കമ്മീഷണര്‍ ചടുലമായി രംഗത്തിറക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ഉപയോഗിച്ച് പോലീസ് വലവിരിച്ചതോടെ മണിക്കൂറുകള്‍ക്കകം മുഖ്യപ്രതി പ്രദീപ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം പുലയനാര്‍കോട്ടയിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് പിടിയിലായി.
നാടിനെ നടുക്കിയ പാല്‍ക്കുളങ്ങര വധക്കേസിന് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ കോണുകളുമില്ലെന്നും പൂര്‍ണ്ണമായും വ്യക്തിവൈരാഗ്യവും അയല്‍പക്കത്തെ വഴിത്തര്‍ക്കവുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ പിടിയിലായ ചമ്പക്കട സ്വദേശി പ്രദീപിന്റെ ക്രിമിനല്‍ ജീവിതവഴികള്‍ പോലീസിനെയും ഞെട്ടിക്കുന്നതാണ്. മുന്‍പ് ജനം ടിവിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രദീപ്, ദീര്‍ഘകാലം പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് വേണ്ടിയും വാഹനം ഓടിച്ചിരുന്നു. ക്യാമറ സഹായിയായും പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയങ്കരനും സൗമ്യനുമായിരുന്നു.
വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ 2013-ല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന പ്രദീപ്, വധശ്രമം ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയായിരുന്നെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ക്രിമിനല്‍ പശ്ചാത്തലങ്ങളില്‍ നിന്ന് മാറി കച്ചവടവും ഡ്രൈവിംഗുമായി കഴിയുകയായിരുന്നു. എന്നാല്‍ അയല്‍വാസിയായ വിശാഖുമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇയാളെ വീണ്ടും ക്രിമിനല്‍ പാതയിലേക്ക് എത്തിച്ചു. നാലു മാസം മുന്‍പ് വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.
ശിക്ഷ കഴിഞ്ഞിറങ്ങിയ വിശാഖ് മലയിന്‍കീഴിലെ വീട്ടിലായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ദിവസം പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിയ വിശാഖ് പ്രദീപിന്റെ വാഹനം തകര്‍ത്തതാണ് പ്രദീപിനെ വീണ്ടും കൊലപാതകിയാക്കാന്‍ പ്രകോപിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അമ്മയെ കാണാന്‍ പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിയ വിശാഖിനെ പിന്തുടര്‍ന്ന് എത്തിയ പ്രദീപും സംഘവും വടിവാളുകളും വെട്ടുകത്തികളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മാരകമായി വെട്ടേറ്റ വിശാഖിനെ പോലീസ് സംഘം ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച കാര്‍ പുലയനാര്‍കോട്ടയില്‍ പാര്‍ക്ക് ചെയ്തതായി മനസ്സിലാക്കിയ പോലീസ് കുറ്റിക്കാട് വളഞ്ഞ് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. നഗരമധ്യത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് തൊട്ടടുത്ത് നടന്ന കൊലപാതകത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞതോടെ ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും വലിയൊരു ഗുണ്ടാ കുടിപ്പക ഒഴിവാക്കാനും കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണയ്ക്കും തിരുവനന്തപുരം സിറ്റി പോലീസിനും സാധിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.