തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും നേരിടേണ്ടി വന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയുടെയും തകര്‍ച്ചയുടെയും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമ്പോള്‍, പാര്‍ട്ടിയെ ഈ ദുരവസ്ഥയിലേക്ക് തള്ളിയിട്ട വില്ലന്മാര് ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാവുകയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഉന്നത നേതാവായ വി. എന്‍. വാസവന് എന്നിവരുടെ അഹങ്കാരവും പിടിവാശിയും വ്യക്തി കേന്ദ്രീകൃത ഭരണശൈലിയുമാണ് സി.പി.എമ്മിനെ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് പതിപ്പിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കെ.കെ. ശൈലജയോട് കാട്ടിയ അനീതിയും രാഷ്ട്രീയ ചതിയും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അമര്‍ഷം ഒടുവില്‍ വോട്ടെടുപ്പില്‍ പ്രകടമാവുകയായിരുന്നു. കേന്ദ്ര കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് ഭരണപരമായ വീഴ്ചകളെയും സംഘടനാപരമായ അഴുകലിനെയും വസ്തുനിഷ്ഠമായി തന്നെ തുറന്നു കാട്ടുന്നുണ്ടെങ്കിലും, ഈ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാനുള്ള യാതൊരു സാധ്യതയും നിലവിലെ നേതൃത്വത്തിന് കീഴില്‍ കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊടെ കേരളത്തില്‍ സി.പി.എമ്മിന്റെ ഭാവി ഇനി എന്താകും എന്ന വലിയ ചോദ്യചിഹ്നമാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും ഉയര്‍ത്തുന്നത്.
ശൈലജയോട് കാട്ടിയ ചതി; മട്ടന്നൂരിലെ ‘വെട്ടുക്കിളി’ രാഷ്ട്രീയം
ജനപ്രിയ നേതാവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയെ മട്ടന്നൂരില്‍ നിന്നും മാറ്റിനിര്‍ത്തിയത് കേവലം ഒരു മണ്ഡലം മാറ്റമായിരുന്നില്ല, മറിച്ച് പാര്‍ട്ടിയിലെ പ്രബല വിഭാഗം ആസൂത്രിതമായി നടപ്പിലാക്കിയ രാഷ്ട്രീയ ചതിയായിരുന്നു. കോവിഡ് കാലത്ത് ജനകീയ പ്രതിച്ഛായ നേടിയ ശൈലജയോടുള്ള രാഷ്ട്രീയ വിരോധവും ഈഗോയുമാണ് മട്ടന്നൂരില്‍ നിന്ന് അവരെ മാറ്റാന്‍ കാരണമായത്. ഈ തീരുമാനത്തിന് പൊതുസമൂഹത്തിന് മുന്നില്‍ ന്യായീകരണം നല്കാന് പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുസമ്മതിക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരുത്തിയ ഗുരുതരമായ പാളിച്ചകള്‍ക്കും, മുസ്ലിം ന്യൂനപക്ഷ പ്രാതിനിധ്യം പൂര്‍ണ്ണമായും ഒഴിവാക്കിയതിനും പിന്നില്‍ എം.വി. ഗോവിന്ദന്റെയും കണ്ണൂര്‍ സംസ്ഥാന നേതൃത്വത്തിന്റെയും പിടിവാശിയായിരുന്നു. ഈ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി എന്ന ഏകാധിപതി; പാര്‍ട്ടി സര്‍ക്കാരിന്റെ അടിമയായപ്പോള്‍
ഭരണകാലത്ത് പാര്‍ട്ടിയുടെ യാതൊരുവിധ നിയന്ത്രണവുമില്ലാതെ പൂര്‍ണ്ണമായ ഏകാധിപത്യമാണ് പിണറായി വിജയന് വെച്ചുപുലര്‍ത്തിയത്. മുന്‍കാലങ്ങളില്‍ ഭരണത്തെ നിരീക്ഷിച്ചിരുന്ന പാര്‍ട്ടി സബ് കമ്മിറ്റികളെയും ക്യാബിനറ്റ് ഫ്രാക്ഷനുകളെയും നോക്കുകുത്തിയാക്കി നിറുത്തി. മുഖ്യമന്ത്രി എന്ന ഒറ്റ വ്യക്തിയിലേക്ക് മാത്രം പ്രചാരണം ചുരുക്കിയതാണ് പ്രതിപക്ഷത്തിന് എളുപ്പത്തില്‍ കടന്നാക്രമിക്കാന്‍ വഴിതുറന്നത്.
പൊലീസിന്റെയും ബ്യൂറോക്രസിയുടെയും സ്വേച്ഛാധിപത്യപരമായ നിലപാടുകളും, മന്ത്രിമാരുടെ അഹങ്കാരവും, അഴിമതിയും, ആഡംബര ജീവിതശൈലിയും പാര്‍ട്ടിക്ക് വലിയ ആഘാതമുണ്ടാക്കി. 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വോട്ട് ഷെയറിലേക്ക് (21.77%) സി.പി.എം കൂപ്പുകുത്തിയപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 28.79 ശതമാനമായി ഉയര്‍ത്തി വിജയം കൊയ്തു.
സാമുദായിക ധ്രുവീകരണവും വാസവന്റെ ‘തീവ്ര’ നിലപാടുകളും
ഗ്ലോബല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ തീവ്ര വര്‍ഗ്ഗീയ സന്ദേശം വായിച്ച മന്ത്രി വി.എന്‍. വാസവന്റെ നടപടി പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയ്ക്ക് കനത്ത അടിയായി. ഇതോടൊപ്പം വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ വി.എന്‍. വാസവനും പാര്‍ട്ടി നേതൃത്വവും കൃത്യമായി തള്ളിപ്പറയാതിരുന്നതും, പി.എം. ശ്രീ പദ്ധതിയില്‍ ഘടകക്ഷിയായ സി.പി.ഐയെ വിശ്വാസത്തിലെടുക്കാതെ തോന്ന്യാസം പ്രവര്‍ത്തിച്ചതും ജനങ്ങളില്‍ വലിയ അമര്‍ഷമുണ്ടാക്കി.
ശബരിമള സ്വര്‍ണ്ണക്കൊള്ള കേസില്‍ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ അച്ചടക്കനടപടി എടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും അത് നടപ്പാക്കാതെ സംരക്ഷിക്കാന്‍ നോക്കിയതും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന സന്ദേശമാണ് നല്‍കിയത്.
തെറ്റു തിരുത്തല്‍ അസാധ്യം; സി.പി.എം ഇനി ചരിത്രത്തിലേക്ക്?
ഭരണവിരുദ്ധ വികാരം ശക്തമായി നിലനിന്നിട്ടും അത് അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത കടുംപിടുത്തക്കാരായ നേതാക്കളാണ് ഇപ്പോഴും പാര്‍ട്ടിയെ നയിക്കുന്നത്. തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്താനോ, അണികളുടെയും സാധാരണക്കാരുടെയും വികാരം മനസ്സിലാക്കാനോ തയ്യാറാകാത്ത പിണറായി-ഗോവിന്ദന് കൂട്ടുകെട്ടിന് കീഴില്‍ സി.പി.എം ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നത് തികച്ചും അനിശ്ചിതത്വത്തിലാണ്.
അഹങ്കാരവും ജാഡയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഈ നേതൃത്വത്തിന് കീഴില്‍ സി.പി.എമ്മിന്റെ തിരിച്ചുവരവ് അസാധ്യമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ, സ്വന്തം വില്ലന്മാരായ നേതാക്കളുടെ പിടിവാശി കാരണം കേരളത്തിലും സി.പി.എം ഒരു ഓര്‍മ്മക്കുറിപ്പായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പൊലീസുദ്യോഗസ്ഥയും ആർട്ടിസ്റ്റുമായ സബൂറ ബീഗം വിവാഹിതയായി: വരൻ നാട്ടുകാരനായ പ്രദീപ്.




