ബിജു വധക്കേസ്: വ്യക്തിവിരോധമെന്ന് പോലീസ്, പ്രതിയുടെ വിവരങ്ങള്‍ രഹസ്യം; കൊലപാതകത്തില്‍ ദുരൂഹതയും പോലീസിന്റെ ഒളിച്ചുകളിയും മുറുകുന്നു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ പാളയത്ത് 38-കാരനായ ബി. ബിജുവിനെ സ്വന്തം വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെയും പോലീസിന്റെയും നിലപാടുകള്‍ സംശയത്തിന്റെ നിഴലില്‍. ശരീരത്തിലാകെ 45 മുറിവുകള്‍ ഏല്‍പ്പിച്ച്, കഴുത്തില്‍ മാത്രം 18 തവണ കത്തിയിറക്കി നടത്തിയ ഈ ആസൂത്രിത നരനായാട്ടിന് പിന്നില്‍ കേവലം ‘വ്യക്തിവിരോധം’ മാത്രമാണെന്ന് വരുത്തിതീര്‍ക്കാനാണ് പോലീസ് തുടക്കം മുതല്‍ ശ്രമിക്കുന്നത്. അന്വേഷണ പുരോഗതിയെക്കുറിച്ചോ, കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ് പുലര്‍ത്തുന്ന ദുരൂഹമായ മൗനം കേസില്‍ വന്‍ ഒളിച്ചുകളി നടക്കുന്നുണ്ടെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. പ്രതി കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.
പ്രദേശത്തെ ലഹരി സംഘങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെയും പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി മാഫിയയെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയതിന്റെയും വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജുവിന്റെ കുടുംബം ഉറപ്പിച്ചുപറയുന്നു. എന്നാല്‍ ഈ ഗുരുതരമായ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് സിറ്റി പോലീസ് കസ്വീകരിച്ചത്. ബിജു ലഹരിസംഘങ്ങളെക്കുറിച്ച് പോലീസിന് വിവരമൊന്നും നല്‍കിയിട്ടില്ലെന്നും കേവലം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസിന്റെ ഔദ്യോഗിക ഭാഷ്യം.
ലഹരി മാഫിയയുടെ പങ്ക് അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് തിടുക്കം കൂട്ടുന്നത് എന്തുകൊണ്ടാണെന്നാണ് പ്രാദേശികവാസികളും ബന്ധുക്കളും ചോദ്യമുയര്‍ത്തുന്നത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ലഹരി ഉപയോഗിക്കാനെത്തുന്നവരെ ബിജു നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ബേബി വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കേസിനെ ലഹരി മാഫിയയുടെ പ്രതികാരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി സാധാരണ ഒരു വ്യക്തിവൈരാഗ്യ കേസായി ലളിതവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയം പുതിയകോവിലകം പറമ്പിലെ ഒറ്റമുറി വീട്ടിനുള്ളില്‍ ബിജുവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൊലപാതകത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. അടുക്കളക്കത്തി പോലെയുള്ള ചെറിയ ആയുധം ഉപയോഗിച്ച് അതിക്രൂരമായാണ് ആക്രമണം നടത്തിയിരിക്കുന്നത്. കഴുത്തിന്റെ ഇരുവശങ്ങളിലുമായി ഏല്‍പ്പിച്ച 18 കുത്തുകള്‍ പ്രതിയുടെ അതിരറ്റ വൈരാഗ്യത്തെയാണ് കാണിക്കുന്നത്. ഇത്രയും മൃഗീയമായി ഒരാളെ കൊലപ്പെടുത്തണമെങ്കില്‍ അതിനു പിന്നില്‍ ശക്തമായ മാഫിയാ ബന്ധങ്ങളോ കൃത്യമായ ആസൂത്രണമോ ഉണ്ടാകുമെന്നത് വ്യക്തമാണ്.
പ്രതിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം സൂചന നല്‍കുന്നുണ്ടെങ്കിലും, പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പറയുമ്പോഴും, പ്രതി ആരാണെന്നോ അയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നതിലുമെല്ലാം പോലീസ് കനത്ത രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയാണ്.
ഒരു വശത്ത് പോലീസിന്റെ തന്നെ വേട്ടയായ ‘ഓപ്പറേഷന്‍ തൂഫാന്’ വിവരങ്ങള്‍ നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബവും നാട്ടുകാരും ആവര്‍ത്തിക്കുന്നു. മറുവശത്ത്, ഇത് തള്ളിപ്പറഞ്ഞ് പോലീസും രംഗത്തെത്തുന്നു. പോലീസിന് വിവരം നല്‍കിയ ആള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നാല്‍ അത് പോലീസിന്റെ രഹസ്യവിവര ശേഖരണ സംവിധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണോ ഇത്തരം ഒരു നിലപാടിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടും പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിലും വിവരങ്ങള്‍ നല്‍കുന്നതിലും വരുത്തുന്ന കാലതാമസം ദുരൂഹത ഇരട്ടിയാക്കുന്നു. കേസ് അട്ടിമറിക്കപ്പെടാതിരിക്കാനും ബിജുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനും പോലീസിന്റെ ഭാഗത്തുനിന്ന് സുതാര്യമായ അന്വേഷണം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. ലഹരി മാഫിയയുടെ ഇടപെടല്‍ പൂര്‍ണ്ണമായും അന്വേഷിച്ച് പുറത്തുകൊണ്ടുവന്നാല്‍ മാത്രമേ ഈ അരുംകൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ നിയമത്തിന് മുന്നില്‍ എത്തുകയുള്ളൂ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.