ഹെല്‍മറ്റില്ലാത്ത പാച്ചില്‍ ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വെട്ടുകത്തിയുമായി ഗുണ്ടാ അഴിഞ്ഞാട്ടം; സ്ത്രീകളെ അസഭ്യം പറഞ്ഞു, കൊലവിളി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനവാസമേഖലയില്‍ ബൈക്കിന്റെ അമിതവേഗത ചോദ്യം ചെയ്ത കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ഗുണ്ടാ ആക്രമണം. വട്ടിയൂര്‍ക്കാവ് പാണാങ്കര ‘അക്ഷരം’ വീട്ടില്‍ മറുനാടന്‍ മലയാളി സീനിയര്‍ ന്യൂസ് എഡിറ്റര്‍ രമേശ് കുമാര്‍ കെ. യുടെ വീടിന് നേരെയാണ് വൈകിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വിതരണക്കാരനായ രാജേഷ് എന്നയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടികളും സ്ത്രീകളും സ്ഥിരമായി നടന്നുപോകുന്ന വഴിയിലൂടെ കഴിഞ്ഞ 7 വര്‍ഷമായി രാജേഷ് ഹെല്‍മറ്റില്ലാതെ അതീവ അപകടകരമായ രീതിയിലാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. അപകടസാധ്യത ഒഴിവാക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് രമേശ് കുമാര്‍ ഇയാളെ ഉപദേശിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കണമെന്നും വേഗത കുറയ്ക്കണമെന്നും ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ പ്രതി നിരന്തരം വേട്ടയാടിയത്.
തുടര്‍ക്കഥയായ ഭീഷണികള്‍ക്ക് പിന്നാലെ, ഇന്നലെ വൈകിട്ട് 4:45 ഓടെ രമേശ് കുമാര്‍ ഓഫീസിലായിരുന്ന സമയം നോക്കി പ്രതി വെട്ടുകത്തിയുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുപറമ്പിലെ മരങ്ങളും മുളകളും വെട്ടിനശിപ്പിച്ച പ്രതി, ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച രമേശ് കുമാറിന്റെ ഭാര്യയെയും മകളെയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അശ്ലീല വര്‍ഷം നടത്തുകയും കൊലവിളി മുഴക്കുകയും ചെയ്തു. ‘പോലീസിനോട് പറഞ്ഞാലും എനിക്ക് ഒന്നുമില്ല’ എന്നായിരുന്നു വെല്ലുവിളി.
ഭയന്നുവിറച്ച വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തി. ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് രമേശ് കുമാര്‍ ആരോപിക്കുന്നു. കുടുംബം പകര്‍ത്തിയ മൊബൈല്‍ വീഡിയോകളും അയല്‍പക്കത്തെ സിസിടിവി ദൃശ്യങ്ങളും നിലവില്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതിനും മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതിനും പ്രതിക്കെതിരെ ശക്തമായ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.