തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. തലസ്ഥാന നഗരിയിലെ ആവേശകരമായ റോഡ് ഷോയ്ക്ക് പുറമെ തിരുവല്ലയിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത് എന്നത് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് ഷോയിൽ ജില്ലയിലെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും. കഴിഞ്ഞ ദിവസം തൃശൂരിലും പാലക്കാട്ടും നടന്ന പരിപാടികൾക്ക് ലഭിച്ച വൻ ജനപങ്കാളിത്തം ആവർത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പത്തോളം പ്രധാന നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. മുപ്പതിനായിരത്തോളം പേരെ അണിനിരത്തി നടത്തുന്ന ഈ സമ്മേളനം മധ്യതിരുവിതാംകൂറിലെ തിരഞ്ഞെടുപ്പ് ചിത്രത്തെ സ്വാധീനിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തുടർച്ചയായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം എൻഡിഎ ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ കരുത്തുറ്റ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ മോദിയുടെ വരവ് വോട്ട് വിഹിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഏപ്രിൽ നാലിന് പ്രധാനമന്ത്രി എത്തുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ വാശിയേറിയതാകും.


വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍; കേരളത്തിന് മികച്ച നേട്ടം; 2026ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പൂര്‍ണ്ണ പട്ടിക ചുവടെ
“അത് മുനീറിന്റെ മാത്രമല്ല, ലീഗുകാരുടെ വീടാണ്” സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട് ജപ്തി ചെയ്യാൻ വിടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും;വ്യക്തിപരമായ വിഷയമെന്ന് മുനീർ





