കൊച്ചി: ദിലീപിന് കൈകൊടുത്ത സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. മതിയായ കരുതല്‍ സിപിഎം സെക്രട്ടറി എടുത്തില്ലെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പിഴവ് സംഭവിച്ചുവെന്ന വിലയിരുത്തലിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ പോലും സിപിഎമ്മിന് ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കാണിക്കേണ്ട പക്വത ഗോവിന്ദന് കാട്ടിയില്ലെന്നാണ് ഉയരുന്ന ആരോപണം. ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തല്‍.
ശ്രീനിവാസന് അന്തിമോപചാരം അര്പ്പിക്കാനെത്തിയപ്പോഴുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാഷ്ട്രീയ-സിനിമാ രംഗത്ത് വലിയ സംവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. മുഖ്യമന്ത്രി പിണറായി തന്നെ നിയമസഭയിലും പുറത്തും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ദിലീപുമായി പാര്‍ട്ടി സെക്രട്ടറി സൗഹൃദം പങ്കുവെച്ചത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളിലെ വൈരുദ്ധ്യമാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്റെ നിലപാടിന് സമാനമായ ഒരു ആര്‍ജ്ജവം എം.വി. ഗോവിന്ദന്റെ ഭാഗത്തുനിന്നും അതിജീവിതയ്ക്ക് വേണ്ടി ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് ഈ കൂടിക്കാഴ്ച വലിയ നിരാശയാണ് നല്‍കിയത്.
ഗോവിന്ദനെ കണ്ടപ്പോള്‍ ദിലീപ് ഉപചാരപൂര്‍വ്വം കൈകൂപ്പി. എന്നാല്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കാതെ ദിലീപിന്റെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചു കുലുക്കി കുശലാന്വേഷണം നടത്തിയാണ് ഗോവിന്ദന് മുന്നോട്ട് പോയത്. ഇത് വെറുമൊരു മര്യാദയ്ക്ക് അപ്പുറമാണെന്നാണ് വീഡിയോ കണ്ടവരുടെ പക്ഷം. അതിജീവിതയ്ക്ക് ആത്മവിശ്വാസം നല്‍കേണ്ട ഉത്തരവാദിത്തം ഭരണകക്ഷിക്കുണ്ട്. എന്നാല്‍ കേസില്‍ മുമ്പ് പ്രതിയായിരുന്ന പരസ്യമായി ഇത്രയും സൗഹൃദം കാട്ടുന്നത് കേസിനെ തന്നെ ബാധിക്കുമെന്നും പോലീസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇത് തെറ്റായ സൂചന നല്‍കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് സര്‍ക്കാര്‍ ഉറപ്പുകളും നല്കി.
യുവാവിനെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം; മുറിവിൽ മുളക്കുവെള്ളമൊഴിച്ചു; സ്ത്രീ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ പോരാണ് നടക്കുന്നത്. ‘അതിജീവിതയ്ക്കൊപ്പം എന്ന് പറയുന്നത് രാഷ്ട്രീയ നാടകമാണോ?’ എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഈ കൂടിക്കാഴ്ച അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിനുശേഷം പൊതുവേദികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും ദിലീപിനെ അകറ്റി നിര്‍ത്താന്‍ പല രാഷ്ട്രീയക്കാരും പ്രത്യേകിച്ച് സിപിഎമ്മും ശ്രമിക്കാറുണ്ട്. ഈ സംഭവം പാര്‍ട്ടിയുടെ ഗൗരവത്തെ ചോര്‍ത്തുന്നുവെന്ന പരാതി ശക്തമാണ്. ഗോവിന്ദന്റെ ഈ നീക്കം ദിലീപിന് രാഷ്ട്രീയമായ അംഗീകാരം നല്‍കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുണ്ട്. വിവാദത്തില്‍ സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരു മരണവീട്ടിലെ പൊതുവായ മര്യാദ മാത്രമാണിതെന്നും രാഷ്ട്രീയമായി ഇതിനെ കാണേണ്ടതില്ലെന്നുമാണ് ഗോവിന്ദന് അനുകൂലികളുടെ വാദം. നിലപാടുകള്‍ വാക്കുകളില്‍ മാത്രം മതിയോ എന്ന ചോദ്യം അതിജീവിതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ ഉയര്‍ത്തുന്നു. ഗോവിന്ദന്റെ മകനും സിനിമാ മേഖലയിലുള്ള വ്യക്തിയാണ്. അതുകൊണ്ടാണോ സൗഹൃദം കാട്ടിയതെന്ന ചോദ്യവും സജീവം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.






