മലപ്പുറം: പൊതുവേദികളിലും വാര്‍ത്താസമ്മേളനങ്ങളിലും തനിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ നിയന്ത്രണം വിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മലപ്പുറത്തും ആവര്‍ത്തിക്കുന്നു. സി.പി.എം – എസ്.ഡി.പി.ഐ ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്ഷമനായ മുഖ്യമന്ത്രി, പരിഹാസവും രോഷവും കലര്‍ന്ന മറുപടികളിലൂടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്.
എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. വാര്‍ത്താസമ്മേളനത്തിന്റെ അന്തസത്ത മറന്ന് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് മുഖ്യമന്ത്രി കടന്നത് അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ചോദ്യം ചോദിക്കുന്നവരെ രോഗികളായി ചിത്രീകരിക്കുന്ന ഈ ശൈലി ജനാധിപത്യപരമായ സംവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്.
നേരത്തെ പൊതുസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച സ്വന്തം പാര്‍ട്ടിക്കാരനോട് ‘വീട്ടില്‍ പോയി ചോദിക്കാന്‍’ പറഞ്ഞ് ആട്ടിയകറ്റിയതും പിണറായി വിജയന്റെ ഈ പരുക്കന്‍ സ്വഭാവത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളോട് സംവദിക്കേണ്ട ഒരു ഭരണാധികാരി, തികച്ചും ധിക്കാരപരമായ ഭാഷയില്‍ പ്രതികരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും പിഴയും
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഖ്യമന്ത്രി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ച് ആക്ഷേപിച്ചതും പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് നടത്തിയ കടന്നാക്രമണങ്ങളും ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ എന്ന ചോദ്യം ശക്തമാണ്. നിലവാരമില്ലാത്ത പദപ്രയോഗങ്ങള്‍ രാഷ്ട്രീയ സംവാദങ്ങളുടെ അന്തസ്സ് കെടുത്തുന്നവയാണെന്ന വിമര്‍ശനം ഉയരുന്നു.
മലപ്പുറത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് ‘പ്രത്യേക അജണ്ട’ ആണെന്ന സ്ഥിരം പല്ലവിയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. കൃത്യമായ മറുപടി നല്‍കുന്നതിന് പകരം ചോദ്യം ചോദിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന രീതി അദ്ദേഹം പതിവാക്കിയിരിക്കുകയാണ്. എസ്.ഡി.പി.ഐ വോട്ടുകള്‍ വേണ്ടെന്ന് വെക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമായി.
ചില മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതും എല്‍.ഡി.എഫ് അത് സ്വീകരിക്കുമോ എന്നുമുള്ള ചോദ്യം മുഖ്യമന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചു. സമാധാനപരമായ വാര്‍ത്താസമ്മേളനത്തെ രോഷപ്രകടനത്തിനുള്ള വേദിയാക്കി മാറ്റിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകര്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു.
ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരേപോലെ എതിര്‍ക്കുന്നു എന്ന് ആവര്‍ത്തിക്കുമ്പോഴും, പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പിണറായി വിജയനെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ അസ്വസ്ഥതയാണ് പലപ്പോഴും അസഭ്യത്തിലേക്കും വ്യക്തിഹത്യയിലേക്കും വഴിമാറുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ച അതേ പിണറായി തന്നെയാണ് ഇന്നും വാര്‍ത്താസമ്മേളനങ്ങളില്‍ തുടരുന്നത് എന്നതിന് മലപ്പുറത്തെ സംഭവം തെളിവാണ്. വിമര്‍ശിക്കുന്നവരെയും ചോദ്യം ചോദിക്കുന്നവരെയും ശത്രുപക്ഷത്ത് നിര്‍ത്തി അധിക്ഷേപിക്കുന്ന ശൈലി ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ലെന്ന വികാരം സി.പി.എമ്മിനുള്ളിലും ഉയരുന്നുണ്ട്.
യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുമ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അപഹസിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് മാധ്യമ സംഘടനകളില്‍ നിന്നും ഉയരുന്നത്.
വാര്‍ത്താസമ്മേളനം ഒരു സംവാദവേദിയല്ലെന്നും തന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇടമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ധിക്കാരം നിറഞ്ഞ നിലപാട് കേരളത്തിലെ രാഷ്ട്രീയ കേരളത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ശൈലി മാറ്റാന്‍ തയ്യാറാവാത്ത പിണറായിയുടെ ഈ ‘പിണറായിസം’ വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്.


മുഖ്യമന്ത്രി പിണറായി വിജയന് വത്തിക്കാന്‍ സന്ദര്‍ശിക്കാനും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം





