കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. പരാതികളിൽ കൃത്യമായ തുടർനടപടികൾ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ നിയമപരിപാലനം നടക്കാതെ പോകുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നും വിവാദ പരാമർശമടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തതായും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരാതികളിൽ രണ്ടു മാസത്തിനകം അന്തിമ തീർപ്പുണ്ടാക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന ഘട്ടമായതുകൊണ്ട് വിഷയത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് കൂടുതൽ അഭിപ്രായപ്രകടനത്തിനില്ലെന്നും കോടതി വ്യക്തമാക്കി.
ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ബി. ഗോപാലകൃഷ്ണൻ തന്റെ പ്രചാരണ വീഡിയോയിലൂടെ നടത്തിയ വർഗീയ പരാമർശങ്ങളാണ് വിവാദത്തിന് ആധാരം. മണ്ഡലത്തിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നും, ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.
മതം, ജാതി എന്നിവയുടെ പേരിൽ വോട്ട് ചോദിക്കുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നിരിക്കെയാണ് പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. കോടതിയുടെ ഇടപെടലോടെ വിഷയത്തിൽ കമ്മീഷൻ സ്വീകരിക്കുന്ന തുടർനടപടികൾ നിർണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം





