കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. ഇത് ഇടതു പക്ഷത്തിന് ആശ്വാസമാണ്. തല്കാലം കൂടുതല്‍ അറസ്റ്റും കേസിലുണ്ടാകില്ല. ജയിലിലുള്ള എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടുകയും ചെയ്യും.
ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകാന്‍ ഏപ്രില്‍ അവസാനം വരെ സമയമെടുക്കുമെന്ന് ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വോട്ടെടുപ്പ് കഴിയുന്നതുവരെ കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റുകളോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇത് തിരഞ്ഞെടുപ്പ് ഗോദയില്‍ നില്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനും സി.പി.എം. നേതാക്കള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മെയ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതോടെ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണമാറ്റമുണ്ടായാല്‍ സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണ ഗതിയും മാറുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. നിലവിലെ അന്വേഷണ സംഘത്തിന്റെ നിലപാടുകളും അവര്‍ ശേഖരിച്ച തെളിവുകളും അടുത്ത സര്‍ക്കാരിന്റെ കാലത്ത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്നത് നിര്‍ണ്ണായകമാകും.
2026 നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വൈകിട്ട് 4-ന് വാര്‍ത്താസമ്മേളനം
കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള പ്രമുഖര്‍ക്കെതിരെ നിലവില്‍ ഉടനടി അറസ്റ്റ് ഉണ്ടാകില്ലെന്ന സൂചന സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ കേസ് പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങിയേക്കാം. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 358 സാക്ഷികളെയാണ് ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള ഹൈക്കോടതി തീരുമാനം യു.ഡി.എഫിന് വലിയ ആശ്വാസമായി. ക്രമക്കേടിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി. പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ആരോപണങ്ങളില്‍ നിന്ന് യു.ഡി.എഫ്. നേതാക്കള്‍ ഇതോടെ മുക്തരായി.
സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇടതുപക്ഷം പ്രതിക്കൂട്ടിലായപ്പോള്‍ പ്രതിരോധത്തിനായി ഉയര്‍ത്തിക്കൊണ്ടുവന്ന കൊടിമര വിവാദം കോടതി തള്ളിയത് തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫിന് രാഷ്ട്രീയ നേട്ടമാകും. ചുരുക്കത്തില്‍, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൊടിമരക്കേസ് അവസാനിച്ചപ്പോള്‍, സ്വര്‍ണ്ണക്കൊള്ള കേസിന്റെ ഭാവി വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെയും കോടതിയുടെയും കൈകളിലാണെന്ന് വ്യക്തം.


ശബരിമലയില്‍ സിനിമാ ചിത്രീകരണം: പോലീസും ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍; അനുമതി നല്‍കിയത് എ.ഡി.ജി.പി എന്ന് സംവിധായകന്; ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്





