ന്യൂഡല്‍ഹി: യുക്രൈന് യുദ്ധകാലത്ത് ഇന്ത്യയ്ക്ക് കൈത്താങ്ങായ റഷ്യന്‍ എണ്ണയിലെ വന്‍ ഇളവുകള്‍ക്ക് അന്ത്യമാകുന്നു. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ലഭിച്ചിരുന്ന വന്‍ ഡിസ്കൗണ്ട് നിര്‍ത്തലാക്കിയതോടെ, ഇനി വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക നല്കി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടി വരും. 60 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയുമായി പുതിയ കരാറിലെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ അഞ്ച് മുതല്‍ പത്ത് ഡോളര്‍ വരെ അധികം നല്‍കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ വിതരണം ചെയ്യുന്ന രീതിയിലാണ് പുതിയ കരാര്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനിന്നിരുന്ന സമയത്ത് റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആകര്‍ഷകമായ ഇളവുകള്‍ ഉപരോധം നീങ്ങിയതോടെ പിന്‍വലിക്കപ്പെടുകയായിരുന്നു. ഇത് വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കും. ഇറാനിലെ സമാധാന ശ്രമങ്ങള്‍ എങ്ങുമെത്താതെ പോയതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്.
ബ്രെന്റ് ക്രൂഡ്: ബാരലിന് 104 ഡോളറിലെത്തി.
യു.എസ് ക്രൂഡ് (WTI): 92 ഡോളറിലേക്ക് കയറി.
മര്‍ബന്‍ ക്രൂഡ്: കഴിഞ്ഞ ദിവസങ്ങളില്‍ 140 ഡോളര്‍ വരെ എത്തിയിരുന്ന മര്‍ബന്‍ ക്രൂഡ് 105 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ഇറാന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതം സുഗമമാകില്ലെന്ന ഭീതി നിക്ഷേപകര്‍ക്കിടയില്‍ ശക്തമാണ്. മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 140 – 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് തടസ്സമില്ലെന്ന് ഇറാന് വ്യക്തമാക്കുന്നുണ്ടെങ്കിലും കര്‍ശന പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗാച്ചി അറിയിച്ചു. എങ്കിലും കപ്പലിലെ ജീവനക്കാരെയും ചരക്കിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇറാന് സൈന്യത്തിന് കൈമാറണമെന്ന നിബന്ധന കപ്പല്‍ ഗതാഗതത്തെ മന്ദഗതിയിലാക്കുന്നുണ്ട്.
റഷ്യന്‍ എണ്ണയിലെ ഡിസ്കൗണ്ട് നിലച്ചതും ഇറാന് പ്രതിസന്ധിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരട്ടപ്രഹരമാണ്. ഇന്ധനവില വര്‍ധിച്ചാല്‍ അത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ത്താനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. ഇത് രാജ്യത്തിന്റെ സാമ്പത്തിക താളം തെറ്റിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർട്ടെമിസ് II: ചന്ദ്രന്റെ മറുപുറത്തെ അമ്പരപ്പിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടു




