പ്രണയപ്പകയില്‍ പെണ്‍കുട്ടി മെനഞ്ഞത് പീഡനകഥ; എട്ടംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പോലീസിനെ വട്ടംചുറ്റിച്ച ‘കണ്ണൂര്‍ ട്വിസ്റ്റ്’; പ്രതികാരത്തിന് 15-കാരി കാട്ടിക്കൂട്ടിയത് ഞെട്ടിക്കും കുബുദ്ധി

തലശ്ശേരി: കണ്ണൂരിനെ നടുക്കിയ പത്താം ക്ലാസുകാരിയുടെ പീഡന പരാതി വെറും കെട്ടുകഥയെന്ന് തെളിഞ്ഞതോടെ പോലീസും നാട്ടുകാരും ഒരുപോലെ അമ്പരപ്പില്‍. കാമുകനോടുള്ള പ്രണയപ്പക തീര്‍ക്കാന്‍ എട്ടു യുവാക്കളെയും അവരുടെ കുടുംബങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കുട്ടിയുടെ കള്ളക്കഥ പൊളിഞ്ഞത് ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നിലാണ്. പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട യുവാക്കള്‍ മൂന്ന് ദിവസമാണ് അപമാനഭാരത്താല്‍ നീറിപ്പിടിച്ചത്. ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഞെട്ടിപ്പോയ സത്യമാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തു എന്നായിരുന്നു 15-കാരി പോലീസിന് നല്‍കിയ ആദ്യ മൊഴി. രണ്ടര മാസം പീഡനം തുടര്‍ന്നുവെന്നും ഇതില്‍ മനംനൊന്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞതോടെ പോലീസ് വിറച്ചുപോയി. ഉടന്‍ തന്നെ മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പയ്യാമ്പലത്തും മാഹിയിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി.
കേസ് ഗൗരവമായതോടെ പോലീസ് ശാസ്ത്രീയ തെളിവുകളിലേക്ക് കടന്നു. പെണ്‍കുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അങ്ങനെയൊരു പെണ്‍കുട്ടിയോ യുവാക്കളോ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും മൊഴി കള്ളമാണെന്ന് തെളിഞ്ഞു. ഇതിനിടയില്‍ നടന്ന വൈദ്യപരിശോധനയിലും പീഡനം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് പോലീസ് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തത്.
22-കാരനായ കാമുകന്‍ തന്നോടുള്ള ഇഷ്ടം അവസാനിപ്പിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതാണ് ഈ പ്രതികാര കഥയ്ക്ക് പിന്നിലെന്ന് പെണ്‍കുട്ടി സമ്മതിച്ചു. തന്നെ ഉപേക്ഷിച്ച കാമുകനെയും അവന്റെ കൂട്ടുകാരെയും ജയിലിലാക്കാനാണ് ഈ കൊടും ക്രൂരത മെനഞ്ഞത്. മാളില്‍ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനോടും സുഹൃത്തുക്കളോടും പക തീര്‍ക്കാന്‍ ഒരു 15-കാരി ഇത്രയും വലിയ ചതി ചെയ്യുമെന്ന് പോലീസും കരുതിയിരുന്നില്ല.
നിലവില്‍ കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പോലീസ് വിട്ടയച്ചു. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ ശാസ്ത്രീയ തെളിവുകള്‍ സഹിതം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് പോലീസ്. കേസ് എഴുതി തള്ളും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.