25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റ്; രാഘവ ഇഫക്ടില്‍ യുഡിഎഫ്; ഒടുവില്‍ സിപി ജോണിന് നീതി; ഭരണ സിരാകേന്ദ്രത്തിന്റെ എംഎല്‍എയാകുമോ ഈ നവചിന്തകളുടെ വക്താവ്?

തിരുവനന്തപുരം: ഒടുവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സിപി ജോണിന്. നീതി നിഷേധം ജോണിനുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്. ‘എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു,’ സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ നിലപാട് വ്യക്തമാക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് മുന്നണി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളോട് ഇടതുമുന്നണി കാണിച്ച സമീപനം തന്നെ വേദനിപ്പിച്ചുവെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനമനസ്സുകളില്‍ നിന്നും പടിയിറങ്ങുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റും നിയമസഭയും ഉള്‍പ്പെടുന്ന, കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സി.പി. ജോണ്‍ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. സിഎംപിയുടെ സ്ഥാപക നേതാവ് എം.വി. രാഘവന്‍ മുന്‍പ് വിജയിച്ചു കയറിയ മണ്ഡലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ രാഷ്ട്രീയ ഗുരുവിന്റെ പാത പിന്തുടര്‍ന്ന് അതേ മണ്ഡലത്തില്‍ ജനവിധി തേടാന്‍ സി.പി. ജോണ്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ മുസ്ലീം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പിന്തുണ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. നിലവിലെ എംഎല്‍എ ആന്റണി രാജുവിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റാന്‍ സി.പി. ജോണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ നവചിന്തകളുടെ വക്താവായാണ് സി.പി. ജോണ്‍ അറിയപ്പെടുന്നത്. 1982-ല്‍ വെറും 25-ാം വയസ്സില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഡെലിഗേറ്റായി മാറിയ അദ്ദേഹം എസ്എഫ്ഐയുടെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986-ല്‍ എം.വി. രാഘവനോടൊപ്പം സിപിഎം വിട്ട് സിഎംപി രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മികച്ച പ്ലാനിംഗ് ബോര്‍ഡ് അംഗമെന്ന നിലയിലും സാമ്പത്തിക-സാമൂഹിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുകൊണ്ടും അദ്ദേഹം ശ്രദ്ധേയനാണ്. 35 വര്‍ഷമായി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം മണ്ഡലത്തിലെ വോട്ടര്‍ കൂടിയാണ്.
കഴിഞ്ഞ തവണ ഇടതുമുന്നണിക്കൊപ്പം നിന്ന് വിജയിച്ച ആന്റണി രാജുവിനെതിരെ മണ്ഡലത്തില്‍ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. തീരദേശ മേഖലയിലെ പ്രശ്‌നങ്ങളും നഗരത്തിലെ വികസന മുരടിപ്പും ആന്റണി രാജുവിന് വെല്ലുവിളിയാകുമ്പോള്‍, സി.പി. ജോണിന്റെ വ്യക്തിപ്രഭാവം മധ്യവര്‍ഗ്ഗ വോട്ടുകളെയും തീരദേശ വോട്ടുകളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് മുന്നണി കരുതുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാര്‍ വലിയ ദുരന്തമാണെന്നും ആരോഗ്യവകുപ്പും വനംവകുപ്പും പരാജയമാണെന്നും സി.പി. ജോണ്‍ ആരോപിക്കുന്നു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണ്ട് പാര്‍ട്ടിയായിരുന്നു, ഇന്ന് പിആര്‍ ഏജന്‍സികളാണ് എല്ലാം തീരുമാനിക്കുന്നത്. ജനങ്ങളുമായുള്ള ഡിസ്‌കണക്ട് ആണ് ഈ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുക,’ സി.പി. ജോണ്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം സെന്‍ട്രലിലെ തന്റെ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അദ്ദേഹം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.