ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ ഭരണചക്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന അലി ലാരിജാനി കൊല്ലപ്പെട്ട വാർത്ത അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായിരുന്ന അദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ, വിദേശ നയ രൂപീകരണത്തിൽ അവസാന വാക്കായിരുന്നു.
1958 ജൂൺ 3-ന് ഇറാഖിലെ നജാഫിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ലാരിജാനിയെയും സഹോദരങ്ങളെയും “ഇറാന്റെ കെന്നഡിമാർ” എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഇറാന്റെ ജുഡീഷ്യറി തലവനായിരുന്ന സാദിഖ് ലാരിജാനി, വിദേശകാര്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് ജവാദ് ലാരിജാനി എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. പ്രശസ്ത മതപണ്ഡിതനായിരുന്ന മിർസ ഹാഷെം അമോലിയുടെ മകനായ ലാരിജാനിക്ക് ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായ വേരുകളുണ്ടായിരുന്നു. 1979-ലെ വിപ്ലവത്തിന് ശേഷമുള്ള ഇറാന്റെ അധികാര കേന്ദ്രങ്ങളുമായി ലാരിജാനിക്ക് വ്യക്തിപരമായ ബന്ധങ്ങളുമുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ റുഹൊള്ള ഖൊമേനിയുടെ വിശ്വസ്തനായിരുന്ന മുർതസ മൊത്തഹരിയുടെ മകൾ ഫരീദ മൊത്തഹരിയാണ് അദ്ദേഹത്തിന്റെ ഭാര്യ.
2008 മുതൽ 2020 വരെ പാർലമെന്റ് സ്പീക്കറായും പിന്നീട് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായും അദ്ദേഹം തിളങ്ങി. ഇറാന്റെ ആണവ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ലാരിജാനി വഹിച്ച പങ്ക് വളരെ വലുതാണ്. 2005 മുതൽ 2007 വരെ മുഖ്യ ആണവ മധ്യസ്ഥനായിരുന്ന അദ്ദേഹം രാജ്യത്തിന്റെ യുറേനിയം സമ്പുഷ്ടീകരണ അവകാശത്തെ ശക്തമായി ന്യായീകരിച്ചിരുന്നു.
ട്രംപിന്റെ സമാധാന കരാര്‍: ഇറാന് നിലപാട് വ്യക്തമാക്കും; യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ
പാശ്ചാത്യ രാജ്യങ്ങളുടെ ഒത്തുതീർപ്പ് നിർദ്ദേശങ്ങളെ “മിഠായിക്ക് പകരം മുത്ത് നൽകുന്നതിന്” തുല്യമെന്ന് അദ്ദേഹം അക്കാലത്ത് പരിഹസിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. അമേരിക്കയുമായുള്ള ചർച്ചകളിൽ ഭരണകൂടത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം റഷ്യയുമായും ചൈനയുമായും അടുത്ത ബന്ധം നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ ദാർശനികൻ ഇമ്മാനുവൽ കാന്റിനെക്കുറിച്ച് പുസ്തകങ്ങൾ രചിച്ച പണ്ഡിതൻ കൂടിയായ ലാരിജാനി, ഇറാന്റെ കടുത്ത നയങ്ങളെ ലോകത്തിന് മുന്നിൽ നയതന്ത്രപരമായി അവതരിപ്പിക്കുന്നതിൽ അസാമാന്യ വൈഭവം പുലർത്തിയിരുന്ന വ്യക്തികൂടിയാണ്.


ഹൗര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്; യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധിയില്ലെന്ന് ട്രംപ്; ലോകം കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്





